ഇടുക്കി : തൊടുപുഴ മലങ്കര ജലാശയത്തിലെ തുരുത്തിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മുട്ടം സ്വദേശി ഉദയലാല്‍ ഘോഷാണ്(34) അറസ്റ്റിലായത്. എറണാകുളത്തെ ലോഡ്‌ജില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി 26നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഇടുക്കി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്.
ഇയാളുടെ കുട്ടവഞ്ചിയില്‍ പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് കുട്ടികളെ പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയും പെണ്‍കുട്ടിയെ തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്‌തു. കുറ്റിക്കാട്ടിലെത്തിച്ച ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി.
also read: 4 വയസുകാരിയെ പീഡനത്തിനിരയാക്കി 16കാരന്‍; പ്രതിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതം
സംഭവത്തെ തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് തുരുത്തിലെത്തി പരിശോധന നടത്തി. അന്വേഷണത്തിനൊടുവിലാണ് ഒരു മാസമായി ഒളിവില്‍ കഴിയുന്ന ഇയാളെ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്‌ജില്‍ കഴിയവേയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അടുത്തിടെയാണ് എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്ന ഈ യുവതിയെ ഇയാള്‍ വിവാഹം ചെയ്‌തതെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് നിലവില്‍ മറ്റ് രണ്ട് ഭാര്യമാരുണ്ട്. രണ്ട് പേരും വിദേശത്ത് ജോലിയുള്ളവരാണ്. ഇയാളുടെ കുട്ടവഞ്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.
also read: 10 വയസുകാരിയെ പീഡിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ; പൊലീസ് പിടിയില്‍
കേരളത്തിലടക്കം നിരവധി പെണ്‍കുട്ടികളാണ് അടുത്തിടെയായിട്ട് ലൈംഗിക പീഡനത്തിനും അതിക്രമങ്ങള്‍ക്കും ഇരയായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് 14 വയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. 22 വയസുകാരനാണ് പ്രതി. ഇയാള്‍ക്ക് 20 വര്‍ഷം തടവും 1.75 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. ലൈംഗിക അതിക്രമം വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
also read: അധ്യാപകന്‍ തൊട്ടത് ബാഡ് ടച്ച് ആണെന്ന് വിദ്യാര്‍ഥി ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
ഉത്തര്‍ പ്രദേശിലും പ്രതി അറസ്റ്റില്‍: ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത് ഏതാനും ദിവസം മുമ്പാണ്. പെണ്‍കുട്ടി പ്രസവിച്ചതിന് ശേഷം നവജാത ശിശുവിനെ ഇയാള്‍ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. വനത്തില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അതിലൂടെ കടന്ന് പോയ കര്‍ഷകരാണ് കണ്ടെടുത്തത്.