ഇടുക്കി: മഴ ഒന്ന് കനത്താൽ മൂന്നാറിലെ തോട്ടംമേഖലകൾ പരിധിക്ക് പുറത്താണ്. അപകടം സംഭവിച്ചാൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ അവസ്ഥയിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നത്.
മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ബിഎസ്എൻഎൽ പണിമുടക്കിയാൽ മറ്റ് സ്വകാര്യ കമ്പനികളുടെ ടവറുകൾ ഉള്ളതിനാൽ ആശയവിനിമയത്തിന് തടസമില്ല. എന്നാൽ വിദൂര സ്ഥലങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ അതല്ല. മഴ ശക്തമാകുന്നതോടെ പണിമുടക്കുന്ന ബിഎസ്എൻഎൽ ടവറുകളാണ് അവരുടെ ആശ്രയം.
അപകടങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കുന്നതിനു പോലും ഇവർക്ക് മാർഗമില്ല. കഴിഞ്ഞ ദിവസം സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് തോട്ടം തൊഴിലാളികളുടെ മക്കൾ അറിഞ്ഞില്ല. മൂന്നാറിലെത്തിയപ്പോൾ മാത്രമാണ് അവധി പ്രഖ്യാപിച്ച വിവരം വിദ്യാർഥികൾ അറിയുന്നത്.
മഴ ഒന്നു കനത്താലോ ശക്തമായ കാറ്റ് വീശിയാലോ പ്രദേശം ഒന്നാകെ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇവിടങ്ങളിൽ. ഇത്തരം പ്രശ്‌നങ്ങൾ സങ്കീർണമാകുമ്പോഴും സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നത് വാസ്‌തവം. സ്വകാര്യ കമ്പനികളുടെ ടവറുകൾ സ്ഥാപിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നിരിക്കെ അതിനും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തുന്നില്ല.
കഴിഞ്ഞ നാല് ദിവസമായി മൂന്നാർ മേഖലയിൽ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. 8 സെന്‍റീമീറ്റർ മുതൽ 11 സെന്‍റീമീറ്റർ വരെ മൂന്നാറിലെ വിവിധ മേഖലകളിൽ മഴ രേഖപ്പെടുത്തി. ലക്ഷ്‌മി എസ്റ്റേറ്റിൽ മൂന്ന് ദിവസമായി വൈദ്യുതിയില്ല. കന്നിമല, കടലാർ, രാജമല, പെട്ടിമുടി, ഗുണ്ടുമല, സൈലന്‍റ് വാലി എന്നിവിടങ്ങളിലെ അവസ്ഥയും മറിച്ചല്ല. ഇവിടങ്ങളിൽ മൊബൈൽ ടവറുകളും പണിമുടക്കിയിരിക്കുകയാണ്.