ഇടുക്കി: പെട്ടിമുടി ദുരന്തം കഴിഞ്ഞ് ഒരാണ്ട് തികയുമ്പോഴും ആഘാതത്തില്‍ നിന്ന് മോചനമില്ലാതെ കഴിയുന്നത് നിരവധി പേര്‍. സർക്കാർ പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ പലര്‍ക്കും ലഭിച്ചില്ലെന്നാണ് ആരോപണം. ആശുപത്രി ചെലവുകൾ സർക്കാർ വഹിച്ചതിനാൽ പണം നൽകാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നതെന്ന് തൊഴിലാളികൾ പറയുന്നു. തമിഴ്‌നാട് സർക്കാർ കൈമാറിയ ഒരു ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാരിന് കൈമാറിയെങ്കിലും ഇത് ദുരന്തബാധിതർക്ക് ലഭിച്ചില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
പെട്ടിമുടി ദുരന്തം
2020 ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കി പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടിയത്. ദുരന്തത്തിൽ 70തോളം പേരാണ് മരിച്ചത്. അപകടത്തിൽ കാണാതായ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജില്ല നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടൽ മൂലം ബന്ധുക്കളെ നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർ വാലിയിൽ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകി. കമ്പനിയുടെ സഹകരത്തോടെയാണ് വീട് നിർമിച്ചത്.
READ MORE: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട ഗണേശന്‍റെ മക്കള്‍ക്ക് ധനസഹായം നല്‍കി
ദുരന്തഭൂമി സന്ദർശിച്ച മുഖ്യമന്ത്രി ഇരുപതോളം പേർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരിൽ പലർക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള ആരോപണം ശക്തമാണ്. കുട്ടികൾക്ക് ജോലി നൽകുമെന്ന വാഗ്‌ദാനവും പാലിച്ചില്ലെന്നും പ്രദേശവാസികൾ പരാതി പറയുന്നു
READ MORE: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവർക്ക് സ്‌മാരകം ഉയരുന്നു