ഇടുക്കി: പള്ളിവാസല്‍ പെന്‍സ്റ്റോക് പൈപ്പിലെ ചോര്‍ച്ച അടച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പവര്‍ ഹൗസിലേക്കുള്ള പൈപ്പിലെ ചോര്‍ച്ച സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ഇബി അധികൃതര്‍ ചോര്‍ച്ച അടക്കുന്നതിന് നടപടി സ്വീകരിച്ചത്.
പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ചോര്‍ച്ച പൂര്‍ണ്ണമായും അടച്ചു. എന്നാല്‍ നിലവില്‍ ഉണ്ടായ ചോര്‍ച്ചക്ക് അടിയന്തര പരിഹാരം കണ്ടെങ്കിലും കാലപ്പഴക്കമേറിയ പൈപ്പില്‍ ഇടക്കിടെ ഉണ്ടാകുന്ന ചെറിയ ചോര്‍ച്ചകള്‍ തങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ ബലക്ഷമത സംബന്ധിച്ച് പരിശോധന നടത്തണമെന്നും പഴക്കം ചെന്ന പൈപ്പുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധസാമഗ്രികളും മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.