ഇടുക്കി : സി.പി.ഐ നേതാവിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ നടപടിയുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ. പാര്‍ട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്ന സി.കെ കൃഷ്‌ണൻകുട്ടിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ലൈംഗികാതിക്രമ പരാതിയിൽ ഇത് രണ്ടാം തവണയാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നത്.
നേരത്തെ ഇദ്ദേഹത്തെ സംസ്ഥാന കൗൺസിലില്‍ നിന്നും ഒഴിവാക്കുകയും ജില്ല എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്ന് ജില്ല കൗൺസിലിലേക്ക് തരംതാഴ്ത്തുകയും ചെയ്‌തിരുന്നു.
എന്നാൽ നീതി ലഭിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന കൗൺസിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതിക്കാരിയായ മഹിളാസംഘം പ്രവർത്തക പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സി.പി.ഐ യുടെ പുളിയൻമല ബ്രാഞ്ചിലേക്കാണ് നേതാവിനെ തരംതാഴ്ത്തിയത്.
കടുത്ത നടപടിയുമായി സി.പി.ഐ
പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും നേതാവിനെ ഒഴിവാക്കാനാണ് തീരുമാനം. പരാതിക്കാരി അംഗമായിരിക്കുന്ന ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ യോഗങ്ങളിൽ ഇനിമേൽ പങ്കെടുക്കരുതെന്നും സികെ കൃഷ്‌ണന്‍കുട്ടിയോട് സംസ്ഥാന കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും രേഖകളും സംസ്ഥാന കൗൺസിലിന് രണ്ടാഴ്‌ച മുൻപ് ജില്ല ഘടകം കൈമാറിയിരുന്നു. സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മഹിളാസംഘം പ്രവർത്തകയായ വീട്ടമ്മ നേതാവിനെതിരെ പാർട്ടി ജില്ല നേതൃത്വത്തിന് പരാതി നൽകിയത്. പാർട്ടി ഓഫിസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നായിരുന്നു പരാതി.
തുടർന്ന് ജില്ല കൗൺസിൽ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ നേതാവിനെതിരെ ജില്ല നേതൃത്വം നാമമാത്രമായ നടപടി മാത്രമാണ് സ്വീകരിച്ചത്. മുൻപും സമാന ലൈംഗിക അതിക്രമ വിഷയത്തിൽ പാർട്ടി നടപടി നേരിട്ട നേതാവാണ് സി.കെ കൃഷ്‌ണൻകുട്ടി.