ഇടുക്കി : ജോലിക്കിടെയുണ്ടായ അപകടം ശരീരത്തിന്‍റെ പാതി തളര്‍ത്തിയപ്പോഴും തോൽക്കാതെ ജീവിതത്തോട് മത്സരിക്കുകയായിരുന്നു തൊടുപുഴക്കാരനായ വിഷ്‌ണു. പേപ്പര്‍ പേനകളും കുടകളും നിര്‍മിച്ച് അതിജീവനത്തിലായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ വിഷ്ണുവിന്‍റെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി.
ലഭിക്കുന്ന വരുമാനം കൊണ്ട് അന്നന്നുള്ള ജീവിതം മുന്നോട്ടു കൊണ്ട് പോവുക തന്നെ പ്രയാസമാണെന്നിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. 50,000 രൂപ ലോണെടുത്താണ് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയത്. ഇതുകൊണ്ട് നിർമിച്ച സാധനങ്ങള്‍ വിറ്റ് പോകാത്തത് വിഷ്‌ണുവിന്‍റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.
READ MORE: സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വിത്ത് പേന; കരിനിഴല്‍ വീഴ്ത്തി കൊവിഡ്
അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് വിഷ്‌ണുവിന്‍റെ കുടുംബം. കൂലിപ്പണിക്കാരനായ വിഷ്ണു 2017 ഒക്ടോബറില്‍ വീട് മേയുന്നതിനിടെ താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റതോടെ ഒരു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി.
എഴുന്നേറ്റിരിക്കാമെന്നായെങ്കിലും വീല്‍ചെയറില്‍ ഒതുങ്ങേണ്ടിവന്നു. തുടര്‍ന്നാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പേപ്പര്‍ കാരി ബാഗുകളും പേനകളും കുടകളും നിര്‍മിക്കാന്‍ ആരംഭിച്ചത്. വിഷ്‌ണുവിന്‍റെ അവസ്ഥയറിഞ്ഞ് പലരും ഇവ വാങ്ങാനുമെത്തി.
എന്നാല്‍ സ്‌കൂളുകളും കടകളും അടഞ്ഞതോടെ വിഷ്‌ണു നിര്‍മിച്ച പേനകളും ബാഗുകളും വീട്ടില്‍ വാങ്ങാൻ ആളില്ലാതായിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്ത വിഷ്ണു തൊടുപുഴയ്ക്കടുത്ത് ഇളംദേശത്ത് വാടക വീട്ടിലാണ് താമസം.
കുടയും പേനകളും വില്‍ക്കാന്‍ സാഹചര്യം ലഭിച്ചാല്‍ ആശ്വാസമാകുമെന്ന് വിഷ്ണു പറയുന്നു. കൊവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ ഇനിയെന്തന്നറിയാതെ ഉഴലുകയാണ് ഈ യുവാവ്.