ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍കൂട്ടി നടപ്പാലം പുതുക്കി നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. ഒരാഴ്‌ചയ്ക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന എംഎല്‍എ എസ് രാജേന്ദ്രന്‍റെ പ്രഖ്യാപനവും ആറുമാസം പിന്നിടുകയാണ്. കാട്ടുകമ്പും കമുങ്ങും വെട്ടിനിരത്തിയ താല്‍ക്കാലിക പാലത്തിലൂടെയാണ് നാട്ടുകാരുടെ ദുരിതയാത്ര. 2018ലെ പ്രളയത്തിലാണ് വെള്ളത്തുവല്‍- കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുതിരപ്പുഴയാറിന് കുറുകേയുള്ള പന്നിയാര്‍കൂട്ടിയിലെ പാലം തകര്‍ന്നത്. തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രിയടക്കം ഉറപ്പ് നല്‍കുകയും ചെയ്‌തു. ഇതുവഴി നിര്‍മ്മിക്കുന്ന പുതിയ റോഡിന്‍റെ ഭാഗമായി പാലം വീതി കൂട്ടി നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ നടപടിയുണ്ടായില്ല.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് താല്‍ക്കാലികമായി പാലം കാൽനടയാത്രക്ക് യോഗ്യമാക്കി. ഇത് 2019ലും, 20ലുമുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഇതിന് ശേഷം അടിയന്തിരമായി പാലം നിര്‍മ്മിക്കുമെന്നും 35ലക്ഷം രൂപ അനുവദിച്ചതായും ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും എംഎല്‍എ എസ് രാജേന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍ പന്നിയാര്‍കൂട്ടിയിലെ പുതിയപാലം ഇന്നും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. നിലവില്‍ അപകടകരമായ പാലത്തിലൂടെയാണ് പ്രദേശവാസികൾ പുഴ മുറിച്ചു കടക്കുന്നത്. അടിമാലി, രാജാക്കാട്, മേഖലകളിലേക്ക് എത്തുന്നതിന് നാട്ടുകാര്‍ക്ക് 15 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.