ഇടുക്കി: പന്നിയാര്‍കുടി പവര്‍ഹൗസ് പാതയുടെ പുനര്‍നിര്‍മാണം നടക്കാത്തതില്‍ പ്രതിഷേധം. 2018ല്‍ ഉണ്ടായ പ്രളയത്തിലാണ് വെള്ളത്തൂവല്‍ പാലത്തിന് സമീപമുള്ള പന്നിയാര്‍കുടി പവര്‍ഹൗസിലേക്കുള്ള പാത ഭാഗികമായി തകര്‍ന്നത്. പാതയുടെ ഒരു ഭാഗം ഒഴുകി പോയതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. പിന്നീട് താല്‍ക്കാലിക പാത നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഒഴുകിപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനോ പാത പുനര്‍നിര്‍മിക്കാനോ അധികൃതര്‍ നടപടിയെടുത്തില്ല.
എന്നാല്‍ മഴക്കാലം എത്തുന്നതോടെ ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുമെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പന്നിയാര്‍കുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അനുസ്മരണക്കായി പണിതിരിക്കുന്ന സ്‌തൂപവും തകര്‍ച്ചാഭീഷണിയിലാണ്. പ്രളയാനന്തരം പാത നിര്‍മാണത്തിനായി ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.