ഇടുക്കി: ലക്ഷങ്ങൾ ചെലവഴിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത് മാട്ടുക്കട്ട മാർക്കറ്റിൽ നിർമിച്ച മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ആരോപണം. 6 മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒരാഴ്ച മുൻപാണ് പ്രവർത്തനം തുടങ്ങിയത്. ഭക്ഷണ അവശിഷ്ടങ്ങൾ മാത്രം സംസ്ക്കരിക്കാനുള്ള സംവിധാനമേ നിലവില്‍ പ്ലാന്‍റിനുള്ളൂ. പച്ചക്കറി അവശിഷ്ടങ്ങൾ പോലും സംസ്ക്കരിക്കാനുള്ള സൗകര്യമില്ല. ഇതുകാരണം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന എല്ലാത്തരം മാലിന്യങ്ങളും പുല്ലുമേട് - സുൽത്താനിയ റോഡരികിലാണ് ഇപ്പോഴും തള്ളുന്നത്. ഈ മാലിന്യങ്ങൾ ചിന്ന സുൽത്താനിയ തോടിലൂടെ ഒഴുകി പെരിയാറിലാണ് എത്തുന്നത്. ഇവിടെ അഞ്ചു വാർഡുകളിൽ ശുദ്ധജലം എത്തിക്കാനുള്ള നിരവധി കുടിവെള്ള പദ്ധതികളും ഉണ്ട്. കൂടാതെ നൂറു കണക്കിന് ആളുകൾ അലക്കാനും കുളിക്കാനും ഈ തോടിനെയാണ് ആശ്രയിക്കുന്നത്.
മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കാരണം പുല്ലുമേട് - സുൽത്താനിയ റൂട്ടിൽ രണ്ടു കിലോമീറ്ററോളം ദൂരം മൂക്കുപൊത്തിയേ യാത്ര ചെയ്യാൻ കഴിയൂ. മാലിന്യ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും ഈച്ചയും സമീപ വാസികളുടെ ഉറക്കം കെടുത്തുകയാണ്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. പ്ലാന്‍റിലെ ആറു യൂണിറ്റുകളിൽ മാലിന്യം നിക്ഷേപിച്ച ശേഷം രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്ക്കരിച്ച് ജൈവവളമാക്കി മാറ്റുന്നതാണ് പദ്ധതി.