ഇടുക്കി: നെടുങ്കണ്ടത്തെ പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളില്‍ ഭൂരിഭാഗവും കാണാനില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്ത പലരുടേയും പേര് വിവരങ്ങളും ഇപ്പോള്‍ അംഗത്വ രജിസ്റ്ററില്‍ ഇല്ല. മെമ്പര്‍ഷിപ്പ് എടുത്തവരില്‍ നിന്ന് പണം വാങ്ങിയെങ്കിലും വിവരങ്ങള്‍, രജിസ്റ്ററില്‍ ചേര്‍ത്തിരുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
ഹൈറേഞ്ചിലെ ആദ്യ കാല വായനശാലകളില്‍ ഒന്നാണ് നെടുങ്കണ്ടം പട്ടം മെമ്മോറിയല്‍ ലൈബ്രറി. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലാണ് ലൈബ്രററി പ്രവര്‍ത്തിയ്ക്കുന്നത്. ആദ്യകാലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാല പിന്നീട്, ഇടുങ്ങിയ മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു.
പലപ്പോഴും ലൈബ്രററി തുറന്ന് പ്രവര്‍ത്തിയ്ക്കാതിരുന്നതും, കൂടുതല്‍ പുസ്തകങ്ങള്‍ എത്തിയ്ക്കാത്തതും മൂലം, സ്ഥിരം സന്ദര്‍ശകരായിരുന്ന പല അംഗങ്ങളും എത്താതെയായി. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോലുമാവാത്ത സാഹചര്യമാണ് മുമ്പ് ഉണ്ടായിരുന്നത്.
Also read: മുനിയറകള്‍ കയ്യേറി മാഫിയയും സാമൂഹ്യ വിരുദ്ധരും; ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാർ
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്‍റെ പഴയ കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് വായനശാല മാറ്റിയിരുന്നു. ലൈബ്രററി ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ നടപടികളും പുരോഗമിയ്ക്കുകയാണ്. ഇതോടെ പഴയ അംഗങ്ങള്‍ ലൈബ്രററിയിലേയ്ക്ക് തിരികെ എത്തി തുടങ്ങി. എന്നാല്‍ മുമ്പ് ഉണ്ടായിരുന്നതിന്‍റെ പകുതി പുസ്തകങ്ങള്‍ പോലും നിലവില്‍ ഇവിടെ ഇല്ല.
ആയിരത്തഞ്ഞൂറിലധികം മെമ്പര്‍മാര്‍ മുമ്പ് ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ മുന്നൂറില്‍ താഴെ മാത്രം ആളുകളുടെ പേര് വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്ളത്. 250 രൂപയായിരുന്നു മുന്‍പ് സ്ഥിരം മെമ്പര്‍ഷിപ്പിനായി ഈടാക്കിയിരുന്നത്. സ്ഥിരം അംഗത്വം എടുത്ത നൂറുകണക്കിന് ആളുകള്‍ക്കാണ് മെമ്പര്‍ഷിപ്പ് ഇല്ലാതായിരിക്കുന്നത്.
ലൈബ്രറിയിലേയ്ക്ക് ഓരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ എത്തിയ്ക്കുന്നതിനും വിവിധ ഭരണ സമിതികള്‍ നടപടി സ്വീകരിച്ചിരുന്നില്ല. റഫറന്‍സ് ബുക്കുകളുടെ അഭാവം വിദ്യാര്‍ഥികളേയും ഇവിടെ നിന്ന് അകറ്റി. ലൈബ്രറിയിലെ പുസ്തകങ്ങള്‍ തിരികെ എത്തിയ്ക്കണമെന്നും, മെമ്പര്‍ഷിപ്പ് തുക എവിടേയ്ക്ക് പോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മുന്‍കാല അംഗങ്ങള്‍ ആവശ്യപ്പെടുന്നു.
Also read: രാത്രിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് സംഘം റോഡ് തകർത്തതായി പരാതി