ഇടുക്കി: ദേശീയ പാതയുടെ നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാന പാതയുടെ വശങ്ങളിലെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കാൻ നടപടിയില്ല. അടിമാലി പൂപ്പാറ റൂട്ടിലാണ് കോൺക്രീറ്റ് ജോലികൾ പൂർത്തിയാകാതെ കിടക്കുന്നത്. വശങ്ങളിൽ കോൺഗ്രീറ്റ് നടത്താത്തതിനാൽ ശക്തമായ മഴയിൽ ഉണ്ടാക്കുന്ന മഴവെള്ളപ്പാച്ചിലിൽ ടാറിംഗ് തകരുന്നതിനും കാരണമാകും.
കേന്ദ്ര സർക്കാരിന്‍റെ സെന്‍ട്രല്‍ റോഡ് ഫണ്ടുപയോഗിച്ച് മുൻ എം പി ജോയിസ് ജോർജിന്റെ കാലത്താണ് രാജാക്കാട് മുതൽ പൂപ്പാറ വരെയുള്ള പന്ത്രണ്ട് കിലോമീറ്റർ ദൂരം ദേശീയ പാത നിലവാരത്തിൽ നിർമ്മാണം നടത്തിയത്. എന്നാൽ റോഡ് നിർമ്മാണം പൂർത്തിയായിട്ടും റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റിങ് പൂർത്തീകരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് കരാറുകാരന്‍റെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.റോഡിന്‍റെ നിർമ്മാണ സമയത്ത് അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു . കരാറുകാരന് അമിത ലാഭമുണ്ടാക്കുന്നതിനാണ് കോൺക്രീറ്റ് ജോലികൾ പൂർത്തികരിക്കാതെ തടിയൂരാൻ ശ്രമിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു