ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി. മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. നമ്മുടെ സമൂഹത്തിൽ കാർഷിക മേഖലക്കുണ്ടാകേണ്ട മാറ്റങ്ങളും അത് ഭദ്രമാക്കേണ്ടതിന്‍റെ ആവശ്യകതയും സർക്കാർ ശ്രദ്ധിച്ചു. അതിനാലാണ് നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നിത്യ ഉപയോഗ സാധനങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിന് മാറ്റം വരുത്തുക സ്വയം പര്യാപ്‌തത കൈവരിക്കുക, വിഷരഹിതമായ ഭക്ഷ്യഉൽപ്പങ്ങൾ ഉൽപ്പാദിപ്പിക്കുക, എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്‌തതയില്‍ എത്തിക്കുക, ആരോഗ്യ ഭക്ഷണം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ഇത്.