ഇടുക്കി: കൊവിഡ് മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികളടക്കമുള്ളവർ സംഭാവന നൽകുന്നതില്‍ കേരളത്തിന് പുതുമയില്ല. എന്നാൽ നെടുങ്കണ്ടത്തുനിന്നുള്ളത് വേറിട്ടൊരു വാര്‍ത്തയാണ്. ശാരീരിക വിഷമതയുള്ള വിദ്യാർഥിക്ക് പ്ലസ് ടു പരീക്ഷയെഴുതാൻ സഹായിയായെത്തിയ ഒമ്പതാം ക്ലാസുകാരിയാണ് കഥയിലെ താരം. ഈ സേവനത്തിന് സ്കൂളിലെ പ്രധാന അധ്യാപകൻ നൽകിയ പാരിതോഷികം വാക്സിൻ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് അലീന വര്‍ഗീസ് എന്ന ഒമ്പതാം ക്ലാസുകാരി.
വിദ്യാർഥിക്ക് സഹായി ആകാൻ തയ്യാറുള്ളവരുണ്ടോയെന്ന അന്വേഷണത്തിലായിരുന്നു അധ്യാപകർ. കൊവിഡ് ഭയത്താൽ പലരും പിൻമാറി. എന്നാൽ കല്ലാർ ഗവൺമെന്‍റ് സ്കൂളിലെ എസ് പി സി കേഡറ്റായ അലീന വർഗീസ് ആ ദൗത്യം ഏറ്റെടുത്തു. അലീനയുടെ സഹായത്താൽ പ്ലസ് ടു വിദ്യാർഥി പരീക്ഷ എഴുതി.
കൊവിഡ് കാലത്തെ ഈ സഹായ മനസ്കതയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകൻ നൽകിയ സമ്മാനം കുറച്ച് പണമായിരുന്നു. ഈ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വീണ്ടും അലീന മാതൃകയായി. അലീനയിൽ നിന്നും പാമ്പാടുംപാ ഗ്രാമപഞ്ചായത്തംഗം സി വി ആനന്ദ് ദുരിതാശ്വാസ നിധിയിലേക്കുളള പാരിതോഷികം ഏറ്റുവാങ്ങി.
Also Read:സുഹൃത്തിനായി ഒത്തുചേർന്ന് '96 ചങ്ക്‌സ്'
കൊവിഡ് വാക്സിനായി ആളുകൾ നെട്ടോട്ടമോടുമ്പോൾ തന്നാലാവുന്ന സഹായം എത്തിക്കാൻ കഴിഞ്ഞത്തിൽ സന്തോഷമുണ്ടെന്ന് അലീന പറഞ്ഞു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുന്നതിന്‍റെ ഉദാഹരണമാണ് അലീനയെപ്പോലുള്ള കുട്ടികളുടെ സഹായങ്ങളെന്ന് ഗ്രാമപഞ്ചായത്തംഗം സി വി ആനന്ദ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തയ്യാറായി മുന്നോട്ട് വരുമെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി.