ഇടുക്കി: നിനച്ചിരിയ്ക്കാതെ ഇടുക്കിയുടെ മലമടക്കിലേയ്ക്ക് വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം പടിയിറങ്ങി. കുറിഞ്ഞി പൂക്കള്‍ കൊഴിഞ്ഞതറിയാതെ, ഇപ്പോഴും നിരവധി സന്ദര്‍ശകരാണ് കള്ളിപ്പാറയിലേയ്ക്ക് എത്തുന്നത്. മുന്‍പൊരിയ്ക്കലും സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത, കള്ളിപ്പാറയിലേയ്ക്ക്, ലക്ഷക്കണക്കിന് ആളുകളാണ് കുറിഞ്ഞി കാഴ്‌ചകള്‍ തേടിയെത്തിയത്.
12 വര്‍ഷത്തിലൊരിക്കലെത്തുന്ന നീല വസന്തം കാണാന്‍ ശാരീരിക അസ്വസ്ഥതകള്‍ മറന്ന് പ്രായമായവര്‍ പോലും മലകയറി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കള്ളിപ്പാറയുടെ ഭൂപ്രകൃതിയും സഞ്ചാരികളെ ആകര്‍ഷിച്ചു. മലമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയ ശേഷം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന് 12 ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചു.
ഒരു മാസത്തോളം, കാഴചയുടെ വസന്തം തീര്‍ത്ത, കുറിഞ്ഞി പൂക്കള്‍ കരിഞ്ഞുണങ്ങി തുടങ്ങി. എങ്കിലും സഞ്ചാരികളുടെ കടന്ന് വരവിന് കുറവില്ല. ഒരിയ്ക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച, പൂക്കളുടെ അതിമനോഹര കാഴ്‌ച ലഭിച്ചില്ലെങ്കിലും, കുറച്ചെങ്കിലും കാണാന്‍ സാധിച്ചെന്ന സന്തോഷത്തില്‍ മടങ്ങുന്നവരുമുണ്ട്.
നിലവില്‍ കള്ളിപ്പാറയിലുള്ള പൂക്കള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊഴിഞ്ഞുപോകും. മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കിയുടെ അതിര്‍ത്തി മലനിരകളിലെ, വ്യത്യസ്ഥ മേഖകളില്‍ പൂവിട്ടിരുന്നു. വരും വര്‍ഷങ്ങളിലും പശ്ചിമഘട്ടത്തിലെവിടെയെങ്കിലും പൂക്കള്‍ വിരിയുമെന്ന പ്രതീക്ഷയോടെയാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്.