ഇടുക്കി: ഏറെ നാളായുള്ള കാത്തിരിപ്പിനു ശേഷം മൂന്നാര്‍ ഉടുമലൈ അന്തര്‍സംസ്ഥാന പാതയിലെ പെരിയവാര പാലം യാഥാര്‍ത്ഥ്യമായി. രണ്ട് വര്‍ഷ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തെയും തമിഴ്‌നാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്നാര്‍ ഉടുമലൈ അന്തര്‍ സംസ്ഥാന പാതയിലെ പെരിയവാര പാലം യാഥാര്‍ത്ഥ്യമാകുന്നത്. പാലം ഗതാഗതയോഗ്യമായത് പ്രദേശവാസികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. 5 കോടി രൂപ വകയിരുത്തിയാണ് പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചത്.
2018ലെ പ്രളയ കാലത്താണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച പഴയ പാലം തകര്‍ന്നത്. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ കന്നിമലയാര്‍ കരകവിഞ്ഞ് ഇവിടെയുണ്ടായിരുന്ന പഴയ പാലം തകരുകയായിരുന്നു. പിന്നീട് സമാന്തര പാലം നിര്‍മിച്ചായിരുന്നു ഗതാഗതം സാധ്യമാക്കിയത്. വര്‍ഷകാലത്ത് സമാന്തര പാലം തകർന്നതും പുതിയ പാലത്തിന്‍റെ നിര്‍മാണം നീളുന്നതും വലിയ പരാതികള്‍ക്ക് ഇടവരുത്തിയിരുന്നു. പെട്ടിമുടി ദുരന്ത സമയത്ത് പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തിയിരുന്നു. പുതിയ പാലം യാഥാര്‍ഥ്യമായത് മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്കും കരുത്താകും.