ഇടുക്കി: ചിന്നക്കനാല്‍ കൊളുക്കുമലയിലേക്കുള്ള അനധികൃത ജീപ്പ് യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വാഹനവകുപ്പും. മോട്ടോര്‍വാഹന വകുപ്പിന്‍റെ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചാരികളുമായി കൊളുക്കുമലയിലേക്ക് പോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സന്ദര്‍ശിച്ച് അപകടമില്ലെന്ന് ബോധ്യപ്പെട്ട വഴികളിലൂടെയാണ് സവാരി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടായിരം രൂപയാണ് ഒരു സവാരിക്ക് നിശ്ചയിച്ചിരിക്കുന്ന തുക. കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി സ്വകാര്യവാഹനങ്ങള്‍ കടന്നുപോകുന്നത് വലിയ ആക്ഷേപത്തിന് ഇടവരുത്തിയിരുന്നു. മാത്രമല്ല സഞ്ചാരികളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ടാക്‌സി വാഹനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രതീക്ഷ.