ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ജല പദ്ധതികള്‍ വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയാലേ വ്യവസായം വളരുകയുള്ളു. ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ആ പ്രദേശത്തെ ആളുകളുടെ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ വേണം. ജലവൈദ്യുതി നിലയങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കൊണ്ടാണ് കേരളത്തിന്‍റെ വികസനത്തിന് വലിയ കുതിച്ച് ചാട്ടമുണ്ടായത്. ആവശ്യമുള്ള വൈദ്യുതിയുടെ എഴുപത് ശതമാനവും കേരളം പുറത്ത് നിന്ന് വാങ്ങുകയാണ്. കല്‍ക്കരി നിലയങ്ങളും താപനിലയങ്ങളും നിര്‍ത്തിയാല്‍ വൈദ്യുതി രംഗത്ത് വലിയ പ്രതിസന്ധി നേരിടും.
ALSO READ: ബോധവത്കരണവുമായി മുന്നോട്ട് പോകും; ചുമതലയേറ്റ ശേഷം വനിത കമ്മിഷന്‍ പി.സതീദേവി
വൈദ്യുതി ഉത്പാദനത്തിന് ഇന്ത്യയില്‍ തന്നെ നല്ല സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ ജല ലഭ്യത ഉപയോഗിച്ച് ഇനിയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. തുടക്കം കുറിക്കുന്ന പദ്ധതികള്‍ പലവിധ കാരണങ്ങളാല്‍ നീണ്ട് പോകുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ആ പ്രവണത മാറ്റണം. അല്ലാത്ത പക്ഷം വരും തലമുറക്ക് അത് ബുദ്ധിമുട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.