ഇടുക്കി: റോഡ് വികസനത്തില്‍ ഇടുക്കിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ചേമ്പളം മെട്ട് കുടിവെള്ള പദ്ധതിയുടേയും ഗ്രാമീണ റോഡിന്‍റെയും ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ പ്രളയ കാലത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് ചേമ്പളത്തെ കുടിവെള്ള പദ്ധതി നശിച്ചത് . മേഖലയിലെ 80 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കുടിവെള്ള പദ്ധതി. ഉരുള്‍പൊട്ടലില്‍ കിണറും മോട്ടോര്‍ പുരയും മണ്ണ് വീണ് പൂർണമായും തകര്‍ന്നിരുന്നു.മഴക്കാലത്ത് പോലും വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികൾ.
മുന്‍ എംപി ജോയിസ് ജോര്‍ജ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. 15 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമീണ പാത നിര്‍മ്മിച്ചത്. ചടങ്ങിൽ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനാ വിജയന്‍, വനം വികസന കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം പി.എന്‍ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി എസ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.