ഇടുക്കി: അടിമാലി മാങ്കടവിൽ നിന്നും കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കസിറ്റി സ്വദേശികളായ വിവേക് (21), ശിവഗംഗ (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അടിമാലി മാങ്കടവിൽ നിന്നും ഏപ്രിൽ 13നാണ് ഇരുവരെയും കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവേകും ശിവഗംഗയും അയൽവാസികളാണ്. ഏപ്രിൽ 14ന് വിവേകിന്‍റെ ബൈക്ക് പാൽകുളമേട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പാൽകുളമേട്ടിലെ വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വനപാലകർ നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ശിവഗംഗയുടെ ഷാളിലാണ് ഇരുവരും തൂങ്ങി മരിച്ചത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ശിവഗംഗ. അടിമാലിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിവേക്. ഇരുവരെയും കാണാതായപ്പോൾ നൽകിയ പരാതിയിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.