ഇടുക്കി: ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയുടെയും കാന്തല്ലൂരിന്‍റെയും അഹങ്കാരമായ ആപ്പിളിന്‍റെ വസന്തകാലം ഇനി കട്ടപ്പന വലിയ തോവാളയിലും. വലിയ തോവാളയിലെ മിറാക്കിൾ ഫാം ഹൗസിൽ ഉടമ ബിജു നട്ട് പരിപാലിച്ച് വിജയം കൊയ്‌തത് 13 ഇനങ്ങളിൽപ്പെട്ട ആപ്പിളുകളാണ്.
യുട്യൂബിൽ നിന്നും കൃഷി പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തൈകൾ എത്തിച്ച് ബിജു കൃഷി ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യയായ അൾട്രാ ഹൈഡെൻസിറ്റി കൃഷിരീതിയാണ് മിറാക്കിൾ ഫാം ഹൗസിൽ നടപ്പിലാക്കിയിരിക്കുന്നത്. ഈ രീതിയിൽ ഒരേക്കർ കൃഷിയിടത്തിൽ ആയിരം ആപ്പിൾ തൈകൾ നട്ട് പരിപാലിക്കാൻ സാധിക്കുമെന്ന് ബിജു പറയുന്നു.
ട്രോപ്പിക്കൽ സ്വീറ്റ്, സമ്മർ സോൺ, സച്ചിൻ കോ, ഗാല, റഡ്ലം, ജറോമൈൻ, റെഡ് ലൗ, ഡാർക്ക് ബ്രൗൺ, ഗ്രാനി സ്‌മിത്ത് തുടങ്ങിയ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. കുരുമുളക് തോട്ടത്തിൽ ഇടവിളയായിട്ടാണ് നാനൂറോളം ആപ്പിൾ തൈകൾ നട്ടിരിക്കുന്നത്. 45 ഡിഗ്രി ചൂടിൽ വരെ നല്ല വിളവ് നൽകുന്നുവെന്നതും ഈ ഇനങ്ങളുടെ പ്രത്യേകതയാണ്.
ഫോട്ടോഗ്രാഫറായ ബിജു തൈകൾ ഉൽപ്പാദിപ്പിച്ച് തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിനൊപ്പം തന്‍റെ കൃഷി രീതികളെ കുറിച്ച് കർഷകർക്ക് നിർദേശങ്ങളും നൽകുന്നുണ്ട്. രണ്ട് വർഷം പ്രായമായ തൈകളാണ് വിൽപന നടത്തുന്നത്
ആപ്പിൾ കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ബിജുവിന്‍റെ കൃഷിയിടം. പീച്ച് ,പിയർ,വാൽനട്ട്, പ്ലംസ് തുടങ്ങി വ്യത്യസ്‌ത ഫലങ്ങളാൽ സമ്പന്നമാണ് മിറാക്കിൾ ഫാം. ഒപ്പം സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്കും കാലിവളർത്തലിനും ബിജു സമയം കണ്ടെത്തുന്നു. ജൈവ രീതിലുള്ള കൃഷി പരിപാലനമാണ് ബിജുവിന്‍റേത്.
വ്യത്യസ്‌ത ഇനങ്ങളുടെ വ്യത്യസ്‌ത കൃഷിരീതിയിലുടെ വേറിട്ട കർഷകനായി മാറിയിരിക്കുകയാണ് വലിയതോവാളക്കാരുടെ ഫോട്ടോഗ്രാഫറായ ബിജു.