ഇടുക്കി : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. രാജന്‍. അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയതായിരുന്നു മന്ത്രി. മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്ന സാധ്യതാപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും സന്ദര്‍ശനം നടത്തി.
ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് തുടരുന്നതെങ്കിലും 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടിന് സമാനമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രശ്ന സാധ്യതാ പ്രദേശങ്ങളിലുള്ളവരെ കണ്ടെത്തി
കലക്ടറുടെ നേതൃത്വത്തില്‍ മികച്ച ക്രമീകരണമാണ് ഒരുക്കിയത്. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ 182 കുടുംബങ്ങളിലെ 3220 പേരെ കണ്ടെത്തി. 20 ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ പ്രശ്ന സാധ്യതാ പ്രദേശങ്ങളില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: മുല്ലപ്പെരിയാറിന് ഇന്ന് ചരിത്രദിനം ; പാട്ടക്കരാര്‍ ഒപ്പുവച്ചതിന്‍റെ 135ാം വാര്‍ഷികനാള്‍
അയ്യപ്പന്‍കോവില്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പുഴയിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കി സുഗമമാക്കി. നീരൊഴുക്ക് കൃത്യമായി തിട്ടപ്പെടുത്താന്‍ സമീപകാല മഴയുടെ പ്രത്യേകത കൊണ്ട് കഴിയാത്ത സാഹചര്യമാണ്. ഡാം തുറന്നിട്ടും പുഴയില്‍ വലിയ നീരൊഴുക്കില്ലെന്നുകരുതി ആരും രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷം ക്യാമ്പ് വിട്ട് പോയാല്‍ മതിയാകും.
ദുരിതാശ്വാസ ക്യമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മഞ്ജുമല വില്ലേജിലെ മോഹന ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ റവന്യൂ മന്ത്രി കെ.രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
കാലാവസ്ഥാ നിര്‍ദേശങ്ങളുടെ പാശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. അറിയിപ്പ് കിട്ടുന്നതുവരെ സുരക്ഷിതരായിരിക്കാന്‍ ക്യാമ്പില്‍ തുടരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വള്ളക്കടവ് ചപ്പാത്ത്, വള്ളക്കടവ് എന്നിവിടങ്ങളിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.