ഇടുക്കി: ചിന്നക്കനാലില്‍ ആനപ്പാര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുടിയൊഴിപ്പിക്കാന്‍ എന്‍സിപി നേതാക്കളും കൂട്ടു നില്‍ക്കുന്നതായുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
2003ല്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം കുടിയിരുത്തിയ ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസികളെ ആനപ്പാര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ വനം വകുപ്പ് ശ്രമിച്ചുവെന്നാണ് ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. കാട്ടാനകള്‍ക്ക് തനത് ആവാസവ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി ജീവനും സ്വത്തുക്കള്‍ക്കും നാശമുണ്ടാക്കുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആനപ്പാര്‍ക്ക് പദ്ധതി ചിന്നക്കനാലില്‍ ഒരുക്കുന്നത്.
ഈ ഭാഗത്തെ സിങ്കുകണ്ടം, 301 കോളനി, 80 ഏക്കര്‍ പ്രദേശങ്ങളിലായി 2002-2003 കാലയളവില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കാട്ടാനശല്യം രൂക്ഷമായതോടെ 36 കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു താമസം മാറാന്‍ നിര്‍ബന്ധിതരായി.
22 കാട്ടാനകള്‍ ഈ മേഖലയില്‍ സ്ഥിരം ഉള്ളതായും, പത്തോളം എണ്ണം ഇടയ്ക്കിടെ വന്നുപോകുന്നതായുമാണ് കണക്ക്. രണ്ട് ദശകത്തിനിടെ പ്രദേശത്തെ 41 പേരെ കാട്ടാനകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ മാത്രം 9 ജീവനുകൾ കാട്ടാനകൾ എടുത്തു. ഈ സാഹചര്യത്തിലാണ് ആനപ്പാർക്ക് പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നത്.
Also read: കാട്ടാന ആക്രമണം തടയാൻ ഹാങിങ് ഫെൻസിങ്; പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ച് വനം വകുപ്പ്