ഇടുക്കി: ജില്ലാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വാത്തികുടി ഗ്രാമപഞ്ചായത്തിലെ കുടിയേറ്റ കർഷകരുടെ ഭൂമിക്ക് പട്ടയം നൽകുവാനുള്ള തീരുമാനം വൈകുന്നതായി പരാതി. 1950കളിൽ തോപ്രാംകുടി മേഖലയിൽ കുടിയേറിയ കർഷകരുടെ ഭൂമിക്കാണ് ഇനിയും പട്ടയം നിഷേധിച്ചിരിക്കുന്നത്. ഒരേക്കറിൽ താഴെ കൈവശഭൂമിയുള്ള കർഷകർക്കാണ് പട്ടയം ലഭിക്കാത്തത്.
എന്നാൽ ഈ മേഖലകളിൽ താമസിക്കുന്ന ഏക്കറുകണക്കിന് ഭൂമിയുള്ള ആളുകൾക്ക് സർക്കാർ പട്ടയം നൽകിയിരുന്നു. നിലവിൽ പട്ടയം ലഭിക്കാത്ത കർഷകരുടെ ഭൂമി ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഭൂമിക്ക് നിലവിലെ ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്നത്.
കന്നുകാലി വളർത്തിയും കൂലിപ്പണി ചെയ്‌തുമാണ് ഈ മേഖലയിലുള്ള ഭൂരിഭാഗം ജനങ്ങളും ഉപജീവനം നടത്തിവരുന്നത്. കുട്ടികളുടെ പഠനത്തിനും വിവാഹ ആവശ്യങ്ങൾക്കും വീടുവയ്ക്കുന്നതിനും കൈവശമുള്ള ഏതാനും സെന്‍റ് ഭൂമി പണയപ്പെടുത്തി വായ്‌പ എടുക്കുന്നതിനും കഴിയാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ള കർഷകർക്കുള്ളത്. തോപ്രാംകുടി മേഖലയിലുള്ള നിരവധി വ്യാപാര സ്ഥാപങ്ങൾക്കും പട്ടയമില്ലാത്ത അവസ്ഥയുണ്ട്. അടിയന്തരമായി ഈ മേഖലയിലുള്ള ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Also read: പൈനാപ്പിളിനും അന്തകൻ: കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്