ഇടുക്കി: ജില്ലയിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. മതികെട്ടാൻ ദേശീയോദ്യാനത്തിനോട് ചേർന്ന് തോണ്ടിമലയിൽ രണ്ട് ഏക്കറോളം റവന്യൂ ഭൂമിയിലാണ് ആവർത്തിച്ച് കയ്യേറ്റം നടന്നത്. 2021 ഓഗസ്റ്റിൽ ഇവിടെ നടന്ന കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചിരുന്നു.
എന്നാൽ വീണ്ടും കയ്യേറി കൃഷി ആരംഭിച്ചത് കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് ഉടുമ്പൻചോല എൽ.ആർ തഹസിൽദാർ സീമ ജോസഫിന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്ത് എത്തി കയ്യേറ്റം ഒഴിപ്പിച്ചത്.
സമീപത്ത് പുൽമേട് വെട്ടിത്തെളിച്ച് മറ്റൊരു കയ്യേറ്റവും, റവന്യൂ ഭൂമിയിലൂടെ അനധികൃതമായി കോൺക്രീറ്റ് റോഡ് നിർമിച്ചതായും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. മുൻവർഷങ്ങളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ട മലമുകളിലാണ് സ്വകാര്യ വ്യക്തികൾ കയ്യേറി കൃഷി ആരംഭിച്ചത്.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ പൂപ്പാറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ റീ സര്‍വേ നമ്പര്‍ 212 ബാര്‍ ഒന്നില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. ബ്ലോക്ക് നമ്പർ പതിമൂന്നിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ റവന്യു പുൽമേടുകൾ എന്നാണ് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഇവിടം 2020 ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നതിനാൽ സംരക്ഷിക്കപ്പെടേണ്ട പ്രദേശം കൂടിയാണ്. അനന്തമായ ടൂറിസം സാധ്യതയും പരിസ്ഥിതി ലോല മേഖലയുമായ ഇവിടം സംരക്ഷിക്കണമെന്ന് നാട്ടുകാരും ആവശ്യമുന്നയിക്കുന്നു.
കയ്യേറ്റത്തിന്‍റെ ഭാഗമായി നട്ടുപിടിപ്പിച്ച ഫലവൃക്ഷതൈകൾ ഭൂസംരക്ഷണ സേന പിഴുത് മാറ്റി. കയ്യേറി നിർമിച്ച വേലിയും പൊളിച്ചു മാറ്റി. കയ്യേറ്റക്കാർക്കെതിരെയും റോഡ് നിർമിച്ചതിന് എതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. കയ്യേറിയ സ്വകാര്യ വ്യക്തികളെ കണ്ടെത്തി നോട്ടിസ് അയക്കുവാൻ തീരുമാനിച്ചതായും തഹസിൽദാർ സീമ ജോസഫ് പറഞ്ഞു.