ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് കർഷകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സിങ്കുകണ്ടം സ്വദേശി സജിയാണ് കൃഷിയിടത്തില്‍വച്ച് കാട്ടാന കൂട്ടത്തിന്‍റെ മുന്നില്‍പ്പെട്ടത്. കാട്ടാനക്കൂട്ടം വരുന്നത് കണ്ട സജി ഒന്നര മണിക്കൂറോളം മരത്തിന് മുകളില്‍ കയറിയിരുന്നാണ് ജീവന്‍ രക്ഷിച്ചത്.
ഇന്നലെ(26.09.2022) രാവിലെയാണ് സംഭവം. കൃഷി ആവശ്യത്തിനായി സ്ഥലത്തെത്തിയതായിരുന്നു സജി. ഈ സമയത്താണ് ആനക്കൂട്ടം അങ്ങോട്ട് എത്തുന്നത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുല്‍മേട്ടിലുള്ള യൂക്കാലി മരത്തിന്‍റെ മുകളില്‍ കയറുകയായിരുന്നു. മരത്തിന് താഴെ നിലയുറപ്പിച്ച കാട്ടാന കൂട്ടം അവിടെ മേഞ്ഞു നടക്കാന്‍ തുടങ്ങി. ഏറെ നേരം കാത്തിരുന്നിട്ടും ആരെയും കാണാതായതോടെ ഒന്നരമണിക്കൂറിലധികമാണ് സജി മരത്തിന് മുകളിൽ ഇരുന്നത്.
കുറേ നേരം കഴിഞ്ഞ് സജി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇത് കണ്ടു. അവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ ഇവിടെ നിന്ന് തുരത്തിയത്.