ഇടുക്കി: കൊച്ചി ധനുഷ്‌കോടി ദേശീയപാത 85ലെ ദേവികുളം ഗ്യാപ് റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായുണ്ടായ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഭൂമിയും കൃഷിയും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കലക്ടറോട് നിര്‍ദേശിച്ചു.
മണ്ണിടിച്ചില്‍ ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി അര്‍ഹരായ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് നിർദേശിച്ച് കലക്ടര്‍ എച്ച് ദിനേശന് മന്ത്രി കത്ത് നല്‍കിയത്. പ്രശ്‌ന പരിഹാരം ഉടനുണ്ടാകുമെന്നും നാശനഷ്ടമുണ്ടായ ഒരേക്കര്‍ കൃഷി ഭൂമിക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് അറിയിച്ചതായും ജില്ല ഭരണകൂടം വ്യക്തമാക്കി.
എന്നാല്‍ ഏക്കറിന് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ജൂണ്‍ 17 ന് ഉണ്ടായ മലയിടിച്ചിലില്‍ 10 കര്‍ഷകരുടെ കൃഷി ഭൂമിയാണ് ഒലിച്ച് പോയത്. നിര്‍മാണത്തിലെ വീഴ്ചയാണ് മലയിടിയാന്‍ കാരണമെന്ന് റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഗ്യാപ് റോഡിന് താഴെയുണ്ടായ ഉരുള്‍പൊട്ടലില്‍ കര്‍ഷകരുടെ കൃഷി ഭൂമിയില്‍ വന്‍ നാശ നഷ്ടങ്ങളുണ്ടായിരുന്നു. രണ്ട് ദുരന്തങ്ങളിലുമായി 50 ഏക്കറോളം കൃഷി ഭൂമി നശിച്ചതായി ദേവികുളം സബ് കലക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൃഷി ഭൂമി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ അപര്യാപ്തമായതിനാല്‍ സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ നിരവധി തവണ ഉദ്യോഗസ്ഥരും കരാറുകാരും കര്‍ഷകരും ഓണ്‍ലൈനായി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.