ഇടുക്കി: പാറമണലും കല്ലും മെറ്റലും അടക്കമുള്ള നിര്‍മാണ സാമഗ്രികൾ കിട്ടാനില്ല. ജില്ലയിൽ കെട്ടിട നിര്‍മാണത്തിനാവശ്യമായ ഹോളോ ബ്രിക്സ് കട്ടകളുടേയും റെഡിമെയിഡായി ലഭിക്കുന്ന കോണ്‍ക്രീറ്റ് കട്ടിള, ജനല്‍ തുടങ്ങിയവയുടെയും നിര്‍മാണം പ്രതിസന്ധിയില്‍.
നിര്‍മാണ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ചെറുകിട പാറമടകളും ക്രഷര്‍ യൂണിറ്റുകളുമടക്കം അടഞ്ഞതോടെ പാറമണലും മെറ്റലും ജില്ലയുടെ എഴുപത്തിയഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇവ പുറത്തുനിന്ന് കൊണ്ടുവരുന്നതിന് വന്‍തുകയാണ് മുടക്കേണ്ടിവരുന്നത്. ഇതോടെ ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന കട്ടിളയുൾപ്പെടെയുള്ളവയ്ക്ക് ഉല്‍പ്പാദന ചിലവ് വര്‍ധിക്കുകയും ചെയ്തു. ഇതോടെ ഇത്തരം ചെറുകിട സംരംഭങ്ങള്‍ എല്ലാം കടുത്ത പ്രതിസന്ധിയിലായി. ഇതോടെ ലൈഫ് അടക്കമുളള സര്‍ക്കാര്‍ പദ്ധതിയില്‍ നടക്കുന്ന വീടുകളുടെ നിര്‍മ്മാണവും പാതിവഴിയില്‍ നിലയക്കുന്ന അവസ്ഥയാണ്.
Also Read: കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം
പാറമണലിനും മെറ്റലിനും വില വര്‍ധിച്ചതിനൊപ്പം അടുത്ത നാളുകളിലായി കമ്പിക്കുള്‍പ്പെടെ വില വന്‍തോതില്‍ വര്‍ധിച്ചു. ഇത് കട്ടിളയും, ജനലും മറ്റ് വസ്‌തുക്കളും നിര്‍മിക്കുന്നവരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മിതമായ നിരക്കില്‍ പാറമണൽ ജില്ലയില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ജില്ലയിൽ ശക്തമായ ആവശ്യമുയരുന്നു.