ഇടുക്കി: സംസ്ഥാന വൈദ്യുതി ബോര്‍ഡിൻ്റെ ജനസൗഹൃദ പദ്ധതിയായ സേവനം ഇനി വാതില്‍പ്പടിക്കലിന് ജില്ലയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ കെഎസ്‌ഇബിയുടെ വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്.
ജനജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ടിട്ടുള്ള കെഎസ്‌ഇബിയുടെ പുതിയ മുഖമാണ് വാതില്‍പ്പടി സേവന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി ഇനിയുണ്ടാവില്ല. പരാതിക്കാരുടെ അടുത്തെത്തി പരിഹാരം കാണുന്നതാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫീസ് ഓണ്‍ലൈനായോ കൗണ്ടറിലോ അടക്കാവുന്നതാണ്. പുതിയ കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, കണകറ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റല്‍ തുടങ്ങിയ സേനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 362 സെക്ഷനുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.