ഇടുക്കി: കെ.എസ്.ഇ.ബി ഭൂമിയിലെ കയ്യേറ്റ സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ആനയിറങ്കല്‍ ജലാശത്തിന്‍റെ സമീപ പ്രദേശങ്ങളിൽ ഏക്കറ് കണക്കിന് ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുള്ളതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നാണ് സന്ദർശനം. കയ്യേറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിയ്ക്ക് കത്ത് നല്‍കി. വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഇരുപത്തിനാലാം തിയതി കയ്യേറ്റം ഒഴുപ്പിച്ച് ഏറ്റെടുത്ത ഭൂമിയില്‍ വീണ്ടും കയ്യേറ്റം നടന്നിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലാണ് റവന്യൂ വകുപ്പ് കൈയേറ്റ ഭൂമിയിൽ സന്ദർശനം നടത്തിയത്. പരിശോധനയില്‍ ഇവിടെ കൃഷി പരിപാലനം നടന്നുവരുന്നതായും ബോധ്യപ്പെട്ടു. എന്നാല്‍ കയ്യേറ്റം ഒഴുപ്പിച്ച് കെ.എസ്.ഇ.ബിയ്ക്ക് കൈമാറിയ ഭൂമിയായതിനാല്‍ നടപടി സ്വീകരിക്കേണ്ടത്.കെ.എസ്.ഇ.ബിയാണ്. ഇത് സംബന്ധിച്ച കത്ത് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് നല്‍കും. കയ്യേറ്റം ഒഴുപ്പിക്കുന്നതിന് സഹായമാവശ്യപ്പെട്ടാല്‍ ചെയ്ത് നല്‍കുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
ALSO READ: നെടുങ്കണ്ടം മരംമുറി : ലോറി പിടിച്ചെടുത്ത് അന്വേഷണസംഘം
2020ലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടത്തിയിരിക്കുന്നത്. മാത്രവുമല്ല ഇവിടെ നിന്നും നിരവധി മരങ്ങളും മുറിച്ച് നീക്കിയിട്ടുണ്ട്. എന്നാല്‍ ഈ കയ്യേറ്റത്തിനൊപ്പം ആനയിറങ്കല്‍ ഡാമിന്‍റെ ക്യാച്ച് മെന്‍റ് ഏരിയയില്‍ വ്യാപാകമായ കയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും തഹസില്‍ദാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇതുവരെ സ്ഥലം സന്ദർശിക്കുകയോ നിയമ നടപടികളിലേയ്ക്ക് കടക്കുകയോ ചെയ്തിട്ടില്ല.