ഇടുക്കി: തലചായ്ക്കാൻ അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നമാണ് അടിമാലി സ്വദേശി ഖനീഫക്കും കുടുംബത്തിനുമുള്ളത്. മകൻ്റെ ചികിത്സാർത്ഥം ഉണ്ടായിരുന്ന പുരയിടവും മറ്റും വിറ്റതോടെ അപ്സര കുന്നിന് സമീപം പുറമ്പോക്ക് ഭൂമിയിലാണ് ഈ വൃദ്ധപിതാവിൻ്റെയും ഭാര്യയുടെയും മകൻ്റെയും താമസം. കനത്ത മഴയത്ത് അയൽ വീടുകളിൽ അഭയം പ്രാപിക്കുകയാണ് പതിവെന്ന് ഖനീഫാ പറയുന്നു. അടച്ചുറപ്പൊള്ളൊരു വീട് നിർമ്മിക്കാൻ തനിക്കിനി ആവതില്ലെന്ന് ഖനീഫ പറയുന്നു.
2018 ലെ പ്രളയത്തിൽ ഖനീഫയുടെ വീടിന് ഭാഗീകമായി കേടുപാടുകൾ സംഭവിച്ചിരുന്നു. മേൽക്കൂര തകർന്ന വീട് ഏത് നിമിഷവും നിലംപതിക്കാം. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലും അന്തിയുറങ്ങി. ഭാര്യയുടെയും മകൻ്റെയും ചികിത്സാ ചിലവുകൾക്കായി വലിയൊരു തുക മാസം തോറും ഖനീഫക്ക് കണ്ടെത്തേണ്ടതുണ്ട്. ചോർന്നൊലിക്കാത്തൊരു വീട്ടിൽ അന്തിയുറങ്ങാൻ സർക്കാർ സംവിധാനങ്ങളുടെ കനിവ് തേടുകയാണ് ഈ വൃദ്ധ പിതാവ്.