ഇടുക്കി: സംസ്ഥാന സർക്കാർ നൽകുന്ന 16 ഇന ഓണക്കിറ്റിൽ കുടുംബശ്രീ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തിയതിന്‍റെ സന്തോഷത്തിലാണ് ഏത്തവാഴ കർഷകരും കുടുംബശ്രീ അംഗങ്ങളും. കുടുംബശ്രീ ഉൽപന്നങ്ങളായ ഉപ്പേരിയും ശർക്കര വരട്ടിയും ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയതോടെ ഓണത്തിന് മുമ്പ് തന്നെ ഏത്തക്കായ്‌ക്ക് വൻ ഡിമാന്‍റാണ്. ഇടുക്കി ജില്ലയിൽ കർഷകർ ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ഏത്തക്ക സംഭരിച്ച് രുചികരമായ ഉപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ.
ജില്ലാതല കോഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കുടുംബശ്രീകൾ ഓണക്കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നത്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്‌ത ഏത്തക്കായയാണ് തോട്ടങ്ങളിൽ എത്തി കർഷകരിൽ നിന്നും നേരിട്ട് സംരഭിക്കുന്നത്. ഇടുക്കിയിൽ പ്രധാനമായും നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്മി കുടുംബശ്രീ യൂണിറ്റിനാണ് നിർമാണ ചുമതല. ഉടുമ്പൻചോല മേഖലയിൽ മാത്രം 54,000 കുടുംബങ്ങളിലേക്ക് ഇവരുടെ ഉപ്പേരിയും ശർക്കരവരട്ടിയും എത്തും.
തോട്ടങ്ങളിൽ നിന്ന് ഏത്തക്കുല വെട്ടുന്നത് മുതൽ നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും കർശനമായ ഗുണപരിശോധനകൾക്ക് ശേഷമാണ് വിധേയമാകുന്നുണ്ട്. 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കിയാണ് കിറ്റുകൾ ലഭ്യമാക്കുക. അടുത്തമാസം 15ന് മുമ്പ് സപ്ലൈകോ യൂണിറ്റുകൾക്ക് കൈമാറാനാണ് നൽകിയിരിക്കുന്ന നിർദേശം.
READ MORE: ഓണക്കിറ്റിൽ ഏലക്ക; ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം