ഇടുക്കി: കേരള-തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്‌തമായ കണ്ണകി ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമെന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. കുമളിയിൽ നിന്നും വനപാതയിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ മംഗളാദേവി ക്ഷേത്രത്തിൽ എത്താം. അതിർത്തിയിലായത് കൊണ്ട് തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെത്തിയും പതിനായിരക്കണക്കിന് വരുന്ന ഭക്തരാണ് വർഷത്തിലൊരിക്കൽ ദേവിക്കരികിലെത്തുക. അതിവിശിഷ്‌ടമായ ഈ ദിവസമാണ് ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവം നടക്കുന്നത്. ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുക.
എന്നാൽ ഇത്തവണ കൊവിഡ് മഹാമാരിയുടെ വ്യാപനം രാജ്യത്ത് പിടിമുറുക്കിയതോടെ ചിത്രപൗർണമി ഉത്സവം നടത്തേണ്ടതില്ലെന്ന തീരുമാനം ഇടുക്കി ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചു കഴിഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ഒത്തുക്കൂടൽ ഒഴിവാക്കേണ്ടതിനാൽ ഉത്സവം മാറ്റിവക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തേനിയിലടക്കം രോഗികളുടെ എണ്ണത്തിൽ ദിനം പ്രതി വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഇടുക്കി ജില്ലാ കലക്‌ടർ എച്ച്. ദിനേശനും തേനി കലക്‌ടർ മറിയം പല്ലവി പൽദേവും സംയുക്തമായി നടത്തിയ ചർച്ചയിലാണ് മെയ് ഏഴിന് നടക്കേണ്ട ഈ വർഷത്തെ ഉത്സവമില്ലെന്ന് തീരുമാനമായത്. മംഗളാദേവിയുടെ സന്നിധിയിലേക്ക്, കണ്ണകിയെ കണ്ട് വണങ്ങാൻ ഇനി ഒരു വർഷത്തെ കാത്തിരിപ്പ്.