ഇടുക്കി: രണ്ട് മാസം മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എന്‍ജിനീയര്‍മെട്ട് സംരക്ഷിത വന മേഖലയാക്കാനുള്ള വനം വകുപ്പ് നീക്കത്തിന് താത്കാലിക തടയിട്ട് റവന്യു വകുപ്പ്. സിഎച്ച്‌ആര്‍ വനമല്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം മുന്‍നിര്‍ത്തിയാണ് വനം വകുപ്പിന്‍റെ അവകാശവാദം തെറ്റാണെന്ന് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്. കള്ളിപ്പാറ എന്‍ജിനീയര്‍മെട്ടില്‍ പത്തേക്കറോളം സ്ഥലം മാത്രമാണ് കേരളത്തില്‍ ഉള്ളതെന്നും ബാക്കിയുള്ള ഭൂപ്രദേശം തമിഴ്‌നാടിന്‍റേതാണെന്നും നേരത്തെ റവന്യു വകുപ്പ് അധികൃതര്‍ ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കള്ളിപ്പാറ എന്‍ജിനീയര്‍മെട്ടില്‍ വിനോദ സഞ്ചാര പദ്ധതി നടപ്പാക്കാന്‍ സ്ഥലം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാന്തന്‍പാറ പഞ്ചായത്തും റവന്യു വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ ഏഴ് മുതല്‍ ഒരു മാസത്തിലധികം സമയം കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാണാന്‍ 10 ലക്ഷത്തിലധികം സന്ദര്‍ശകരാണെത്തിയത്. സന്ദര്‍ശകരില്‍ നിന്ന് പ്രവേശന ഫീസ് ഇനത്തില്‍ 15 ലക്ഷത്തോളം രൂപയുടെ വരുമാനവും ശാന്തന്‍പാറ പഞ്ചായത്തിന് ലഭിച്ചു.
നീലക്കുറിഞ്ഞി ചെടികള്‍ ഉണങ്ങി നശിച്ച് ഒരു മാസത്തോളമായിട്ടും ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നതായാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്ററിലധികം കാല്‍നടയായി വേണം നീലക്കുറിഞ്ഞി പൂവിട്ട എന്‍ജിനീയര്‍മെട്ടിലെത്താന്‍. നീലക്കുറിഞ്ഞി പൂത്ത നാളുകളില്‍ ഇവിടെയെത്താന്‍ കഴിയാത്ത ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും എന്‍ജിനീയര്‍മെട്ട് അന്വേഷിച്ച് വരുന്നതായി നാട്ടുകാര്‍ പറയുന്നു.
എന്‍ജിനീയര്‍മെട്ടില്‍ നിന്നുള്ള തമിഴ്‌നാടിന്‍റെയും ചതുരംഗപ്പാറ മലനിരകളുടെയും കാഴ്‌ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ സാധ്യതകള്‍ മുന്നില്‍ കണ്ട് എന്‍ജിനീയര്‍മെട്ടും പഞ്ചായത്തിലെ മറ്റ് ചില മനോഹര പ്രദേശങ്ങളും കൂട്ടിയിണക്കി വിനോദ സഞ്ചാര പദ്ധതി നടപ്പാക്കാനാണ് ശാന്തന്‍പാറ പഞ്ചായത്തിന്‍റെ തീരുമാനം. കള്ളിപ്പാറ എന്‍ജിനീയര്‍മെട്ട് ഏറ്റെടുക്കാനുള്ള വനം വകുപ്പിന്‍റെ നീക്കത്തിനെതിരെ നാട്ടുകാരും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.
1897ലെ ട്രാവന്‍കൂര്‍ ഫോറസ്റ്റ് റെഗുലേഷന്‍ ആക്‌ട് അനുസരിച്ച് കൃഷിക്കായി പതിച്ചു നല്‍കാത്ത ചോല വനങ്ങളും പുല്‍മേടുകളും സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നതെന്നായിരുന്നു വനം വകുപ്പിന്‍റെ അവകാശ വാദം.