ഇടുക്കി: ജലവൈദ്യുത പദ്ധതിയുടെ ഡൈവേർഷൻ ഡാമായ കല്ലാർ ഡാമിൻ്റെ സംഭരണ ശേഷിയിൽ തകരാർ സംഭവിച്ചതോടെ ഭീതിയിലായിരിക്കുകയാണ് മേഖലയിലെ നൂറൂ കണക്കിന് കുടുംബങ്ങൾ. മഴക്കാലമെത്തുന്നതോടെ ഒരേ സമയം വെള്ളപ്പൊക്ക ഭീഷണിയിലും വെള്ളപ്പാച്ചിൽ ഭീതിയിലുമാണ് തൂക്കുപാലം മുതൽ പെരിഞ്ചാംകുട്ടി വരെയുള്ള നാട്ടുകാർ .കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മണ്ണും ചെളിയും നീക്കണം
കല്ലാർ ഡൈവേർഷൻ ഡാമിൽ മണലും ചെളിയും അടിഞ്ഞുകൂടി സ്വാഭാവിക സംഭരണ ശേഷി നഷ്ടപ്പെട്ടിട്ട് വർഷങ്ങൾക്കഴിഞ്ഞു.നിർമ്മിച്ചതിന് ശേഷം ഇതുവരെ ഡാമിലെയോ ക്യാച്ച്മെൻ്റ് ഏരിയയിലെ തടസ്സങ്ങൾ നീക്കം ചെയ്യുവാൻ കെഎസ്ഇബി തയ്യാറായിട്ടില്ല. 2018ലെയും 2019ലെയും പ്രളയത്തിൽ വൻ തോതിൽ എക്കൽ അടിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താൽ കല്ലാർ ടൗൺ മുതൽ താന്നിമൂട്, മുണ്ടിയെരുമ, തൂക്കുപാലം ടൗൺ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറും. കഴിഞ്ഞ വർഷം ഏക്കറുകണക്കിന് കൃഷിയാണ് വെള്ളപ്പൊക്കം മൂലം നശിച്ചത്.
വെള്ളപ്പാച്ചിൽ ഭീഷണി
ഡാമിൻ്റെ ഒരു വശത്ത് വെള്ളപ്പൊക്ക ഭീഷണിയാണങ്കിൽ മറുവശത്ത് വെള്ളപ്പാച്ചിൽ ഭീഷണിയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പ്രളയ ശേഷം വർഷത്തിൽ കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ഡാമിൽ ജലം നിറയുന്നതിനാൽ തുറന്നു വിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞവർഷം ഡാം തുറന്നപ്പോൾ തകർന്ന തൂവൽ പാലം ഇതു വരെ പൂർവ്വസ്ഥിതിയിലാക്കിയിട്ടില്ല.
Also Read: "നേതാജിയുടെ തൊപ്പിയെവിടെ?" പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍
ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മണലും എക്കലും നീക്കം ചെയ്ത് സംഭരണ ശേഷി പുനഃസ്ഥാപിച്ചില്ലങ്കിൽ വരുന്ന മഴക്കാലത്തും വൻ നാശനഷ്ടമായിരിക്കും മേഖലയിൽ ഉണ്ടാവുക.