ഇടുക്കി: പഴം പച്ചക്കറി കര്‍ഷകര്‍ക്ക് എസ്എച്ച്എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ധനസഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായി ആരോപണം. 2018ലെ പ്രളയത്തില്‍ നഷ്ടം സംഭവിച്ച പഴം പച്ചക്കറി കര്‍ഷകര്‍ക്ക് വിഎഫ്പിസികെയുടെ മേല്‍നോട്ടത്തില്‍ എസ്എച്ച്എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 97 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷക ഫെഡറേഷന്‍ ആരോപിക്കുന്നത്. ജില്ലയിലെ 19 സ്വാശ്രയ കര്‍ഷക വിപണികളിലൂടെ സ്റ്റേറ്റ് ഹോര്‍ട്ടി കോര്‍പ്പ് മിഷന്റെ സ്റ്റാളുകളില്‍ സാധനങ്ങള്‍ കൊടുത്ത ഇനത്തില്‍ പണം ലഭിക്കാനുണ്ടെന്നും ഈ തുക വാങ്ങി നല്‍കാന്‍ വിഎഫ്പിസികെയുമായി ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കര്‍ഷകര്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും തൃശൂര്‍, കാസര്‍കോട്,കോട്ടയം ജില്ലകളിലെ കര്‍ഷകര്‍ക്ക് സബ്‌സിഡിയടക്കമുള്ള ആനുകുല്യങ്ങള്‍ ലഭിച്ചു കഴിഞ്ഞതായും കര്‍ഷക ഫെഡറേഷന്‍ പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരോട് വിഎഫ്പിസികെ പുലര്‍ത്തിപ്പോരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച അടിമാലിയില്‍ വിഎഫ്പിസികെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്താനാണ് ഫെഡറേഷന്‍റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് വൈ.സി സ്റ്റീഫന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടോമി തെങ്ങുംപള്ളി, പി.ജെ എബ്രഹാം, ബേബി ചെറുപുഷ്പം, രാജേന്ദ്രന്‍ മാരിയില്‍, ജിന്‍സ് കൈപ്പന്‍പ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.