ഇടുക്കി: വാത്തിക്കുടിക്ക് സമീപം വയോധികയെ സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയില്‍. പണിക്കൻകുടി സ്വദേശി കുന്നുംപുറത്ത് സുധീഷിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്‌തത്. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്‌കരന്‍റെ ഭാര്യ രാജമ്മയാണ് (58) വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്‌ക്കരന്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകം ഇങ്ങനെ..: ഇടുക്കി മുരിക്കാശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ആമ്പക്കാട്ട് ഭാസ്‌കരന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഇയാളുടെ മകളുടെ ഭർത്താവായ സുധീഷ് ഇന്നലെ (ഏപ്രില്‍ ഒന്ന്) വൈകിട്ട് നാല് മണിയോടെ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും ഭാസ്‌കരനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഈ സമയം ഇത് തടയാനെത്തിയ ഇയാളുടെ ഭാര്യ രാജമ്മക്ക് വെട്ടേല്‍ക്കുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം സുധീഷ് വാഹനവുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തിൽ പണിക്കൻകുടിയിലെ വീടിന് സമീപത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി.
കാഞ്ചിയാറില്‍ നടന്നതെന്ത്..: ഇടുക്കിയില്‍ തന്നെ നാടിനെ നടുക്കിയ കാഞ്ചിയാർ കൊലപാതക കേസിലെ പ്രതി ബിജേഷും കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഭാര്യ അനുമോളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്യം നടത്തി ആറുദിവസത്തോളം ഒളിവിലായിരുന്ന ബിജേഷിനെ പിടികൂടിയത്. അന്വേഷണ ചുമതല കട്ടപ്പന ഡിവൈഎസ്‌പിക്ക് ആയതിനാൽ കുമളി പൊലീസ് ഇയാളെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, കേസിന്‍റെ അന്വേഷണ ചുമതല കട്ടപ്പന ഡിവൈഎസ്‌പിക്ക് ആയതിനാൽ കുമളി പൊലീസ് ഇയാളെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു. കഴുത്തിൽ ഷാൾ കുരുക്കിയാണ് അനുമോളെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജേഷ് സമ്മതിച്ചിരുന്നു.
കൊലയിലേക്ക് ഇങ്ങനെ..: വിവാഹമോചനത്തെ ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് അറിയിച്ചു. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയതോടെ അനുമോൾ വനിത സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, കൊലപാതകത്തിന് ശേഷം അനുമോളുടെ കൈയിലുണ്ടായിരുന്ന ഫോൺ വിറ്റുകിട്ടിയ 5,000 രൂപയുമായാണ് പ്രതി ഒളിവിൽ പോയിരുന്നത്. എന്നാല്‍, ഈ പണം തീർന്നതോടെ ഭക്ഷണം കഴിക്കാൻ പോലും മാർഗം ഇല്ലാതായി. തുടർന്ന് ഇയാൾ കുമളിയിലെത്തിയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.