ഇടുക്കി: ഇടുക്കിയില്‍ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്കി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ നടക്കും. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍റെ അദ്ധ്യക്ഷതയില്‍ ചെറുതോണിയില്‍ ഡി.റ്റി.പി.സിയുടെ ഹോട്ടല്‍ മഹാറാണിയില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മറ്റിയിലാണ് തീരുമാനം. ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്‍റർ, കൊലുമ്പന്‍ സ്മാരകം, പാഞ്ചാലിമേട് രണ്ടാംഘട്ട പദ്ധതി, ചെക്ക് ഡാം, പാഞ്ചാലികുള നവീകരണം, പാര്‍ക്കിംഗ് ഏരിയ, നെടുങ്കണ്ടം ഓപ്പണ്‍ സ്റ്റേജ് നിര്‍മാണോദ്ഘാടനം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ചെറുതോണി വെള്ളാപ്പാറയിലെ കൊലുമ്പന്‍ സ്മാരകം ജൂലൈ മാസം അവസാനം തുറന്നു കൊടുക്കും. ഇടുക്കി ഡാം നിര്‍മിക്കുന്നതിന് സ്ഥലം കാണിച്ചുകൊടുത്ത ചെമ്പന്‍ കൊലുമ്പന്‍റെ ശില്‍പ്പവും സ്മാരകവും അടങ്ങുന്ന പദ്ധതി ടൂറിസം വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്.
ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തിയേറ്റര്‍, ലേസര്‍ ഷോ എന്നിവ പി.പി.പി മോഡലില്‍ ആരംഭിക്കാന്‍ കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രവുമായി ധാരണയുണ്ടാക്കുവാന്‍ തീരുമാനിച്ചു. ചെറുതോണിയില്‍ ഇടുക്കി ഡാം എക്സ്പീരിയന്‍ഷല്‍ സെന്റര്‍ പദ്ധതി സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുകയും റവന്യൂ വിഹിതം ഷെയര്‍ ചെയ്യുന്ന പദ്ധതി ടെന്‍ഡര്‍ വിളിച്ച് നടപ്പിലാക്കാനുള്ള അനുമതിയ്ക്കായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഡിടിപിസി വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങളുടെ വാടക ഇളവും ഇവരുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാനും തീരുമാനിച്ചു.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാം ഘട്ട പദ്ധതി ടൂറിസം വകുപ്പിന് സമര്‍പ്പിക്കാനും അഞ്ച് കോടി രൂപയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പാര്‍ക്കിംഗ് പദ്ധതി നിര്‍മാണം ആരംഭിക്കുവാനും തീരുമാനമായി. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി ജില്ലയിലെ ട്രൈബല്‍ ടൂറിസം സര്‍ക്യൂട്ട്, സ്‌പൈസസ് ടൂറിസം സര്‍ക്യൂട്ട് എന്നീ പദ്ധതികളും തയ്യാറാക്കാന്‍ തീരുമാനിച്ചു. നെടുങ്കണ്ടത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കുന്നത്. യോഗത്തില്‍ ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി. വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ സി.വി. വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, റ്റി.എം. ജോണ്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്‍റ് എഡിറ്റര്‍ എന്‍.ബി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.