ഇടുക്കി: പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഇടുക്കിയിൽ രോഗബാധിതനായ ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചക്കുപള്ളം പഞ്ചായത്തിലെ സുല്‍ത്താന്‍കട സ്വദേശി പാലയ്ക്കല്‍ സാബുവാണ് വിഷം കഴിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുവാൻ ശ്രമിച്ചത്.
കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് സാബുവും ഭാര്യ സിനിയും ബുധനാഴ്ച വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട്ടില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 25 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ശുദ്ധജലപദ്ധതിയില്‍ സാബു ഉള്‍പ്പടെ ഏഴുപേരാണുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ സാബുവിന് വെള്ളം നിഷേധിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സാബു നല്‍കിയ പരാതിപ്രകാരം പൊലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സാബുവും ഭാര്യയും ഒഴിച്ച് മറ്റാരും എത്തിയില്ല. ഇതിനിടെയാണ് സി.ഐ അധിക്ഷേപിച്ചതെന്ന് സാബു പറഞ്ഞു. ഇതിന്‍റെ മനോവിഷമത്തിലാണ് സാബു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിഷം കഴിച്ചശേഷം മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തിയെങ്കിലും സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു. വേഗത്തിൽ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി. ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാൽ അതിർത്തി തർക്കവുമായ് ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുക മാത്രമാണ് ചെയ്തതെന്നും കുടിവെള്ള പ്രശ്നം പഞ്ചായത്ത് അധികൃതരുമായ് ചർച്ച ചെയ്ത് പരിഹരിക്കുവാൻ അറിയിച്ച് പറഞ്ഞയക്കുകയാണുണ്ടായതെന്നും വണ്ടൻമേട് സി.ഐ പറഞ്ഞു. തങ്ങള്‍ അധിക്ഷേപിച്ചതായുള്ള ആരോപണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു.