ഇടുക്കി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് അനുകൂലമായ കോടതിവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ ഉണ്ടായ സുരക്ഷാ വീഴ്‌ച കോടതിയില്‍ കേരളത്തിന് പ്രതികൂലമാകുന്ന സാഹചര്യമില്ല. വിഷയത്തില്‍ വിശദമായ പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 13നാണ് കുമളി സ്വദേശികളായ രണ്ട് റിട്ട. എസ്.ഐമാരും ഡല്‍ഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ മകനുമടങ്ങുന്ന സംഘം മുല്ലപ്പെരിയാറില്‍ അനധികൃതമായി സന്ദര്‍ശനം നടത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇവര്‍ക്കെതിരേ വനംവകുപ്പും പൊലീസും കേസെടുത്തിട്ടുമുണ്ട്.
തമിഴ്‌നാടിന്‍റെ ബോട്ട് മുല്ലപ്പെരിയാറിലേക്ക് പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന നാലുപേര്‍ എന്തിന് പോയി എന്നതാണ് പ്രധാനം. നിലവില്‍ ഉണ്ടായിരിക്കുന്ന സുരക്ഷാവീഴ്‌ച സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:'കല്ലിന് ക്ഷാമമില്ല, പിഴുതുമാറ്റിയാലും ഇടും' ; വിമോചന സമരം നടക്കില്ലെന്ന് കോടിയേരി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാകേണ്ട കാര്യമില്ല. കേരളത്തിന്‍റെ സുരക്ഷയും തമിഴ്‌നാടിന് വെള്ളവും വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പഴക്കമുള്ള ഡാമെന്ന നിലയില്‍ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യവും പരിഗണിച്ച് അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒപ്പം രാജ്യത്ത് ഇതുവരെ ഡാം ഡീ-കമ്മിഷന്‍ നടന്നിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് വേണ്ട പഠനം നടത്തണമെന്ന വാദവും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.