ഇടുക്കി: ജില്ലാതല ഓണം വാരാഘോഷത്തിന്‍റെ രണ്ടാംദിനത്തില്‍ ചെറുതോണി ടൗൺഹാളിൽ അത്തപൂക്കള മത്സരവും ഓണപ്പാട്ട് മത്സരവും നടന്നു. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഡി.ടി.പി.സി.യും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശക്തമായ മഴയത്തും നാല് ടീമുകളാണ് മത്സരത്തിനായി എത്തിയത്.
മത്സരത്തിൽ ന്യൂ തിങ്കേഴ്‌സ് കാൽവരിമൗണ്ട് ഒന്നാം സ്ഥാനവും ചെറുതോണി ഷാബിൻ വി. ആറും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 11 ന് തുടങ്ങിയ മൽസരത്തിൽ എട്ട് പേർ വീതം അടങ്ങിയ നാല് ടീമുകൾ പങ്കെടുത്തു. എട്ടടി നീളവും വീതിയുമുള്ള പൂക്കളങ്ങളാണ് ടീമുകൾ തയ്യാറാക്കേണ്ടിയിരുന്നത്.
രണ്ടു മണിക്കൂറായിരുന്നു മത്സര സമയം. മത്സരത്തില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചത് മരിയാപുരം സ്വദേശി വത്സല പത്മനാഭന്റെ ഓണപ്പാട്ടായിരുന്നു. പാട്ടുപാടാൻ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം കൊണ്ടാണ് മത്സരത്തിൽ പങ്കെടുത്തതെന്നും പ്രായത്തിന്റെ അവശതകൾ കാരണം മറ്റ് ഓണ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടന്നും 72 കാരിയായ വത്സലാമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം മരിയാപുരം പഞ്ചായത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരത്തിലും വത്സലാമ്മയ്‌ക്ക് സമ്മാനം ലഭിച്ചിരുന്നു. ഓണപ്പാട്ട് മത്സരത്തിൽ ആൻമരിയ ബിജു ഒന്നാം സ്ഥാനവും അമല ഗാന്ധി രണ്ടാം സ്ഥാനവും എയ്ഞ്ചൽ ജിമ്മി മൂന്നാം സ്ഥാനവും നേടി. കുട്ടികളോട് മാറ്റുരുച്ച വത്സല പത്മനാഭൻ പ്രോത്സാഹന സമ്മാനം നേടി.