ഇടുക്കി : കൊവിഡ് മഹാമാരിയും അടച്ചുപൂട്ടലും നിരവധിയാളുകളുടെ ഉപജീവന മാർഗങ്ങളാണ് കവർന്നെടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ കാർപെന്‍ററായിരുന്ന വണ്ണപ്പുറം മുണ്ടൻമുടി സ്വദേശി മോഹനനും തന്‍റെ തൊഴിൽ നഷ്‌ടമായി. ഉപജീവന മാർഗത്തിനായി ഒരുപാട് അലഞ്ഞ മോഹനന്‍ ഒടുവില്‍ ചിരട്ട തവി നിര്‍മാണത്തിലൂടെ സ്വയം തൊഴിൽ എന്ന മാർഗത്തിലേക്ക് തിരിയുകയായിരുന്നു.
കൈയ്യിലുണ്ടായിരുന്ന പണിയായുധങ്ങൾ ഉപയോഗിച്ചാണ് ചിരട്ട തവി നിർമാണം ആരംഭിച്ചത്. സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്തോടെ ചിരട്ടയും മുളയും എത്തിച്ചു. ആദ്യം ആവശ്യക്കാർക്ക് എത്തിച്ചുനൽകി. തുടർന്ന് വ്യാപാരികൾ ഉൾപ്പടെയുള്ളവർ നേരിട്ടെത്താന്‍ തുടങ്ങിയതോടെ പുതിയ സംരംഭം വിജയമായി. ഒരു വർഷത്തിനുളളിൽ രണ്ടരലക്ഷം രൂപയുടെ തവികളാണ് മോഹനന്‍ വിറ്റഴിച്ചത്.
Also read: ദേശീയപാതയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ
കഞ്ഞി തവി, കറി തവികൾ എന്നിങ്ങനെ ആവശ്യാനുസരണമാണ് നിര്‍മാണം. തവി നിർമാണത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ച് മോഹനനും കുടുംബവും അച്ചാർ നിര്‍മാണത്തിലേക്ക് കടന്നു. പുതിയ സംരംഭവും വിജയം കണ്ടതോടെ തട്ടുകടക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ കുടുംബം. ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് മോഹനന്‍റെ വിജയകഥ.