ഇടുക്കി : ഹൈറേഞ്ചിന്‍റെ കുട്ടനാട്ടിൽ ഇനി ഞാറ്റുപാട്ടിന്‍റെ ഈണം. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ മുട്ടുകാട്ട് കന്നികൃഷിക്ക് തുടക്കം. തൊഴിലാളി ക്ഷാമവും കൊവിഡ് പ്രതിസന്ധിയും ജില്ലയിലെ നെൽകൃഷിയെ ഏറെ ബാധിച്ചെങ്കിലും മുട്ടുകാട് മുനിയറക്കുന്നിന് താഴ്വാരത്ത് 52 ഹെക്‌ടറിലായി പരന്നുകിടക്കുന്ന പാടശേഖരത്ത് കന്നി കൃഷിയുടെ ആരവമുയര്‍ന്നിരിക്കുകയാണ്.
മൺസൂണിനുശേഷം ഓഗസ്റ്റ് മാസത്തോടെ പാടശേഖരങ്ങൾ കൃഷിക്കായി ഒരുക്കി തുടങ്ങി. സെപ്റ്റംബർ മാസം ആരംഭത്തോടെ പാകമായ ഞാറുകൾ പാടങ്ങളിൽ എത്തിച്ച് കൃഷിയിറക്കി.
അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പാടശേഖരങ്ങളിൽ എത്തിയെങ്കിലും തലമുറകളായി കൈമാറിക്കിട്ടിയ പാരമ്പര്യ കൃഷി രീതികളാണ് മുട്ടുകാട്ടിലെ കർഷകർ ഇന്നും തുടരുന്നത്. ശബരി, ഉണ്ണിക്കുട്ടൻ, മട്ട തുടങ്ങിയ വിത്തിനങ്ങൾക്ക് പുറമെ അന്യസംസ്ഥാനങ്ങളുടെ കുത്തകയായ ബസുമതിയും ഇവിടെ വിളയുന്നുണ്ട്.
ALSO READ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള
110 കർഷകരാണ് വർഷങ്ങളായി ഇവിടെ മുടങ്ങാതെ കൃഷി ചെയ്‌തുവന്നിരുന്നത്. എന്നാൽ കൊവിഡിൽ തൊഴിലാളി ക്ഷാമം വെല്ലുവിളിയായതോടെ അതിഥി തൊഴിലാളികളുടെ സഹായത്തോടെയാണ് നിലവിൽ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്.
കന്നിയും പുഞ്ചയും കൃഷിചെയ്‌തിരുന്ന പാടങ്ങളിൽ ഒരു കൃഷി മാത്രമായി ചുരുങ്ങി. പാടങ്ങളിൽ വെള്ളം കയറുന്നതും കർഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്.
പാടശേഖരത്തിന്‍റെ വികസനത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്യുമെന്നും ഇതിനായി ത്രിതലപഞ്ചായത്തും ജനപ്രതിനിധികളും ഒന്നിച്ചുപ്രവർത്തിക്കണമെന്നും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു.