ഇടുക്കി: ഉടുമ്പന്‍ചോലയില്‍ പുതുതായി പണിയുന്ന ആയുര്‍വേദ മെഡിക്കല്‍ കോളജിന്‍റെ നിര്‍മാണോദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിർവഹിച്ചു. ആരോഗ്യ രംഗത്തിനൊപ്പം ഇടുക്കിയുടെ ടൂറിസം വികസനത്തിനും ആയുര്‍വേദ കോളജ് വഴി തെളിക്കും. വിദേശ ടൂറിസ്റ്റുകളെ ആയുര്‍വേദ ചികിത്സക്ക് ആകര്‍ഷിക്കത്തക്ക തരത്തിലാണ് ആശുപത്രി സജ്ജമാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇടുക്കിലെ പൈനാവിലെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സജ്ജമായതായും മലയോര മേഖലയിലെ ആരോഗ്യ രംഗത്ത് മികച്ച മുന്നേറ്റം നടത്തുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.ഉടുമ്പന്‍ചോലയില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ശിലാഫലകം അനാച്ഛാദനം ചെയ്തു.
സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് ഉടുമ്പന്‍ചോലയില്‍ ആരംഭിക്കുന്നത്. കോളജിനായി വിട്ടുകൊടുത്തിരിക്കുന്ന 23 ഏക്കറിലധികം വരുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. 100 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാവും ആദ്യം ഒരുക്കുക. പദ്ധതിയുടെ നിര്‍മ്മാണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ്, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ സജികുമാര്‍, സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് തിലോത്തമ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍ മോഹനന്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കൊളജ് പ്രിന്‍സിപ്പാള്‍ ടി.ഡി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.