ഇടുക്കി: മഴക്കാലം തുടങ്ങിയാൽ ഇടുക്കി ജില്ലയിലെ മലയോര നിവാസികളുടെ മനസ്സിൽ തീയാണ്. 2018 മുതലുള്ള മൂന്ന് പ്രളയദുരന്തങ്ങളുടെ ഓർമ്മകൾ ഇന്നും ഇവരുടെ മനസ്സിൽ നിന്നും മാഞ്ഞട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്‌തമായ കാലവർഷമഴയിൽ ജില്ലയുടെ വിവിധ മേഖലകളിൽ നാശനഷ്‌ടങ്ങൾ ഉണ്ടായി.
- പ്രളയ ഭീതിയിൽ മലയോര വാസികൾ
2021ലെ മഴക്കെടുതികളെ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് മലയോര ജനത. 2018,2019 പ്രളയങ്ങൾ ഇടുക്കിയെ കുറച്ചൊന്നുമല്ല കണ്ണീരിലാഴ്ത്തിയത്. മഴവെള്ളപ്പാച്ചലിൽ ഉറ്റവരും ഉടയവരും എങ്ങോ പോയി മറഞ്ഞു. കാർഷിക മേഖലകൾ എല്ലാം വെള്ളത്തിനടിയിലായി. ജില്ലയുടെ വികസന മുഖമായ വിദ്യാലയങ്ങൾ, റോഡുകൾ, പൊതുമേഖല സ്ഥാപങ്ങൾ എല്ലാം തകർന്നടിഞ്ഞു. തോരാതെ പെയ്ത മഴയില്‍ ജില്ലയിലെ ചെറുതും വലുതുമായ അണക്കെട്ടുകള്‍ തുറന്നു. ചരിത്രത്തലാദ്യമായി ഇടുക്കി അണക്കെട്ടിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നതും 2018ലെ പ്രളയത്തിലാണ്. മലയോര മേഖലയിലെ ഓരോ ഗ്രാമങ്ങളും ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി മൂന്നൂറ് കോടിയിലധികം രൂപയുടെ നാശ നഷ്ടമുണ്ടായി. ഇരുനൂറിലധികം വീടുകള്‍ പൂര്‍ണ്ണമായും പ്രളയം കവര്‍ന്നു. നിരവധി പേരുടെ ജീവനാണ് പ്രളയക്കെടുതിയിൽ പൊലിഞ്ഞത്.
2019 പ്രളയത്തിനും സമാനമായ അവസ്ഥയായിരുന്നു. ഇതിന് ശേഷം രാജ്യത്തെ തന്നെ ഞെട്ടിച്ച് പെട്ടി മുടി ദുരന്തത്തിൽ ഇനി അവശേഷിക്കുന്നത് ലയം മാത്രമാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട പെട്ടിമുടിയില്‍ അവശേഷിക്കുന്നവരുടെ കണ്ണുകളില്‍ ഇന്നും ഈറനുണങ്ങിയിട്ടില്ല. ഇതെല്ലാം ഭീതിതമായ ഓര്‍മ്മകളായി മലയോര ജനതയുടെ മനസ്സില്‍ അവശേഷിക്കുകയാണ് അതുകൊണ്ട് തന്നെ മാനം കറുത്ത് മഴപെയ്ത് തുടങ്ങിയാല്‍ ഉറക്കമില്ലാത്ത രാത്രകളാണ് മലയോര ജനതയ്ക്ക്.
- മുന്‍കരുതലുകളെടുത്ത് ജില്ല ഭരണകൂടം
ഓരോ മഴക്കാലവും ദുരന്തങ്ങളായി മാറുന്നത് കൊണ്ട് തന്നെ വലിയ മുന്നൊരുക്കങ്ങളും ഇത്തവണ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് തുടങ്ങി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ വിവരങ്ങള്‍ മുൻകൂട്ടി തയ്യാറാക്കി മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ കാല വര്‍ഷം എത്തിയത് തന്നെ ദുരിതം വിതച്ചാണ്. മൂന്ന് ദിവസമായ് പെയ്യുന്ന മഴയിൽ ഉടുമ്പൻചോല താലൂക്കിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
കാറ്റിലും മഴയിലും മരം കടപുഴകി വീണ് മൂന്ന് വീടുകൾ തകർന്നു. നെടുങ്കണ്ടം കോമ്പമുക്കിൽ വീടിന്‍റെ സംരക്ഷണഭിത്തിയും ഇരുമ്പ് ഷെഡും ഇടിഞ്ഞ് വീണത് സമീപവാസിയുടെ വീടിന് മുകളിലേക്കാണ്.രാത്രിയിലായതിനാൽ വൻ അപകടമാണ് ഒഴിവായത്.തോവാളപ്പടി ഇലന്തൂർ കുഞ്ഞുമോന്‍റെ വീടിന്‍റെ സംരക്ഷണഭിത്തിയാണ് സമീപവാസിയായ പിഎസ് മഹേശന്‍റെ വീടിന് മുകളിലേക്ക് വീണത്.
അതേയമയം ഉടുമ്പൻചോലയിൽ മഴക്കാലക്കെടുതികൾ വിലയിരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും കൺട്രോൾ റൂം തുറന്നു. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ അപകട മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉടുമ്പൻചോല, പൊത്തക്കള്ളി, കരുണാപുരം, പുളിയൻ മല തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് കൃഷിനാശവും ഗതാഗത തടസ്സവുമുണ്ടായി. മഴ തുടരുന്നതോടെ കൊവിഡ് ഭീതിയ്ക്കൊപ്പം ജനജീവിതം കൂടുതൽ ദുസ്സഹമാകും.