ഇടുക്കി: ശക്തമായ മത്സരം നടക്കുന്ന ഇടുക്കിയില്‍ ഇത്തവണ പോളിങ് ശതമാനത്തില്‍ കുറവ്. 2016ൽ 73.59 ശതമാനമായിരുന്നു ജില്ലയിലെ പോളിങ് ശതമാനം. എന്നാൽ ഇത്തവണ രേഖപ്പെടുത്തിയത് 70.38 ശതമാനം വോട്ടാണ്. ഉടുമ്പന്‍ചോലയിലും പീരുമേട്ടുലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. മുന്‍കാലങ്ങലില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ വാശിയോടെയാണ് മുന്നണികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
അഞ്ച് നിയോജക മണ്ഡലങ്ങളിലും ഇടത്-വലത് മുന്നണികള്‍ക്കൊപ്പം ത്രികോണ മത്സരത്തിന് കളമൊരുക്കി എന്‍ഡിഎയും ഇത്തവണ ശക്തമാണ്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പോളിങ് ശതമാനം വന്‍തോതില്‍ ഉയര്‍ന്നെങ്കിലും അവസാന ഘട്ടത്തില്‍ പോളിങ് ശതമാനം ഇടിയുകയായിരുന്നു. പോളിങ് ശതമാനത്തിന്‍റെ കുറവ് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചിട്ടുണ്ട്. എക്കാലവും ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തുന്ന ഉടുമ്പന്‍ചോലയില്‍ 75.35 ശതമാനമായിരുന്ന പോളിങ് ഇത്തവണ 73 ശതമാനത്തിലേയ്ക്ക് താഴ്ന്നു.
കഴിഞ്ഞ തവണ 71 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദേവികുളത്ത് ഇത്തവണ 67.32 ശതമാനമാണ് പോളിംഗ്. 71.93 ശതമാനം പോളിങ് ഉണ്ടായിരുന്ന തൊടുപുഴയില്‍ 70.16 ശതമാനത്തിലേക്കും കഴിഞ്ഞ തവണ 76 ശതമാനത്തിലധികം രേഖപ്പെടുത്തിയ ഇടുക്കി മണ്ഡലത്തില്‍ ഇത്തവണ 68.94 ശതമാനവുമാണ് പോളിങ്. 2016ൽ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയ പീരുമേട്ടില്‍ ഇത്തവണ 72ലേക്കെത്തി.
അതിർത്തി മണ്ഡലങ്ങളില്‍ നിന്നും പതിനായിരത്തിലധികം വോട്ട് നീക്കം ചെയ്‌തതും ഇരട്ടവോട്ടുകള്‍ തടയാന്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതും പോളിങ് കുറയാന്‍ കാരണമായതായി വിലയിരുത്തുന്നു. എന്നാല്‍ പോളിങ് ശതമാനത്തിന്‍റെ കുറവ് വിജയത്തിന് കാരണമാകുമെന്നാണ് മുന്നണികളുടേയും സ്ഥാനാര്‍ഥികളുടെയും പ്രതീക്ഷ.