ഇടുക്കി : കൂട്ടാറില്‍ പഞ്ചായത്ത് അംഗത്തെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കരുണാപുരം പഞ്ചായത്ത് അംഗം ജെയ്‌മോന്‍ നെടുവേലിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജെയ്‌മോനെയും സുഹൃത്തിനേയും, പുറകില്‍ നിന്നെത്തിയ ജീപ്പ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ വീണു. എന്നാല്‍ ജീപ്പ് വീണ്ടും പുറകിലേയ്ക്ക് എടുത്ത് വീണ്ടും അപായപ്പെടുത്താന്‍ ശ്രമിച്ചു. കൊലപ്പെടുത്തുമെന്ന് ഡ്രൈവര്‍ ആക്രോശിച്ചതായും ജെയ്‌മോന്‍ പറയുന്നു. സംഭവത്തില്‍ ജെയ്‌മോന്‍റെ കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്.
ഒപ്പമുണ്ടായിരുന്ന ജോസഫിനും പരിക്കേറ്റു. എന്നാല്‍ കേസൊഴിവാക്കാന്‍ കമ്പംമെട്ട് പൊലീസ് ശ്രമിച്ചതായി ജെയ്‌മോന്‍ ആരോപിക്കുന്നു. സിപിഎം നേതാക്കള്‍ പോലീസില്‍ സമ്മര്‍ദം ചെലുത്തുകയും വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ തയ്യാറായതെന്നും ജെയ്‌മോന്‍ പറയുന്നു. അതേസമയം, പ്രതി ഒളിവിലാണെന്നാണ് പൊലീസ് വാദം.