ഇടുക്കി: ഇടുക്കി സേനാപതി ഇല്ലിപ്പാലം അപകടാവസ്ഥയില്‍. സേനാപതി, രാജകുമാരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പന്നിയാര്‍ പുഴയ്ക്ക് കുറുകേ നിര്‍മിച്ചിരിക്കുന്ന ഇല്ലിപ്പാലമാണ് അപകട ഭീഷണി നേരിടുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരത്തടികളും മാലിന്യങ്ങളും പാലത്തിന്‍റെ തൂണുകളില്‍ തങ്ങി നില്‍ക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്നവ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇരു പഞ്ചായത്തുകളും വേണ്ട നടപടികൾ സ്വീകരിച്ചില്ല.
നീരൊഴുക്ക് ശക്തമാകുന്നതോടെ പ്രദേശത്ത് വെള്ളപ്പൊക്കത്തിനും ഇത് കാരണമാകും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കൈവരികള്‍ പോലുമില്ലാത്ത സേനാപതി ഇല്ലിപ്പാലം പുതുക്കി നിര്‍മിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.