ഇടുക്കി: ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ സാന്ത്വന സ്‌പർശം പരിപാടിക്ക് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ച ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു. ജനങ്ങളുടെ പരാതികള്‍ സി. രവീന്ദ്രനാഥും, എം.എം മണിയും നേരിട്ട് സ്വീകരിച്ചു. ചികിത്സാ സഹായം ഉള്‍പ്പെടെ തീര്‍പ്പ് കല്‍പ്പിക്കാവുന്ന പരമാവധി പേരുടെ പരാതികള്‍ക്കും മന്ത്രിമാര്‍ പരിഹാരം കണ്ടു. മന്ത്രിമാര്‍ക്കൊപ്പം ഇഎസ് ബിജിമോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ്, ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ എന്നിവരും പരാതികള്‍ കേട്ടു.
റവന്യു, സര്‍വേ, ഇലക്ട്രിസിറ്റി ബോര്‍ഡ്, തദ്ദേശ സ്വയം ഭരണം, കൃഷി വകുപ്പ്, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും അദാലത്തില്‍ സജ്ജീകരിച്ചിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും ആളുകള്‍ക്ക് വിശ്രമിക്കുന്നതിനുമായി സിവില്‍ സ്റ്റേഷന്‍റെ അങ്കണത്തില്‍ പ്രത്യേക പന്തല്‍ ഉണ്ടായിരുന്നു. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള രജിസ്‌ട്രേഷന് വേണ്ടി പ്രത്യകം കൗണ്ടറുകളും അദാലത്തില്‍ ഒരുക്കിയിരുന്നു.