ഇടുക്കി: കാക്കിക്കുള്ളിലും മികച്ച കര്‍ഷകരുണ്ടെന്ന് തെളിയിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാര്‍. കുയിലിമല എ ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. പടവലം, കോളി ഫ്ലവര്‍, ചീര, പയര്‍, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷിയിറക്കിയത്.
കൊവിഡ് കാലത്തെ കഠിനമായ ജോലിത്തിരക്കിനിടയിലും പൊലീസുകാര്‍ കൃഷിപരിപാലനത്തിനായി സമയം കണ്ടെത്തിയിരുന്നു. കൃഷിയില്‍ സ്വയംപര്യാപ്‌തത കൈവരിക്കുക എന്ന ലക്ഷ്യത്തിനായുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് എസ് ഐമാരായ കെ കെ സുധാകരന്‍, പി.എച്ച് ജമാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചത്. കര്‍ഷകനായ പൈനാവ് സ്വദേശി രഘുവും പൊലീസുകാര്‍ക്ക് പിന്തുണയുമായുണ്ട്.
വാഴത്തോപ്പ് കൃഷിഭവന്‍റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നു. പൊലീസുകാരും ജീവനക്കാരും ഒരുപോലെ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി കൃഷിയെ പരിപാലിക്കുന്നു. പൂര്‍ണമായും ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്യാമ്പിലെ അറുന്നൂറോളം വരുന്ന പൊലീസുകാരുടെ കാന്‍റീനിലേക്കും വീടുകളിലേക്കും ഇവിടെ നിന്നുള്ള പച്ചക്കറി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറി കൃഷിയോടൊപ്പം രണ്ടു കുളങ്ങളിലായി മത്സ്യകൃഷിയും നടത്തുന്നുണ്ട്.