ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള. ചിന്നക്കനാല്‍ എട്ടേക്കറിലെ റവന്യൂ ഭൂമിയില്‍ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയ സ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍ ഉപയോഗിച്ചാണ് മരങ്ങൾ വെട്ടിക്കടത്താൻ ശ്രമിച്ചത്.
ചിന്നക്കനാല്‍ വില്ലേജിൽ 34/1-ൽ ഉൾപ്പെടുന്ന റവന്യൂ ഭൂമിയില്‍ നിന്നുമാണ് പട്ടാപ്പകല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗ്രാൻറ്റിസ് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ദിഡിയര്‍നഗര്‍ സ്വദേശി വര്‍ഗഗീസ് സത്യനാഥ്, പച്ചപുൽക്കൊടി സ്വദേശി സുന്ദര മുതുവാന്‍ എന്നിവരുടെ പട്ടയ ഭൂമിയില്‍ നിന്നും മരം മുറിച്ച് കൊണ്ടുപോകുന്നതിന് അനുമതി വാങ്ങിയിരുന്നു. ഇതിന്‍റെ മറവിലാണ് റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്താൻ ശ്രമിച്ചിരിക്കുന്നത്. ഇരുന്നൂറ്റി അമ്പതിലധികം മരങ്ങളാണ് എട്ട് ഏക്കറിലെ റവന്യു ഭൂമിയിൽ നിന്നും മുറിച്ചിരിക്കുന്നത്. ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസിന് സമീപത്തുകൂടി തടി കയറ്റിവന്ന വാഹനം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വ്യാജ പാസ് ഉപയോഗിച്ച് റവന്യൂ ഭൂമിയില്‍ നിന്നും മുറിച്ചതാണെന്ന് വ്യക്തമായത്. പ്രതികളെ ഉടൻ പിടികൂടുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു
തടിയും വാഹനവും പിടികൂടിയതിനൊപ്പം റവന്യു ഭൂമിയിൽ മുറിച്ചിട്ടമരങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് നടപടി സ്വീകരിച്ചതിനൊപ്പം റവന്യു വകുപ്പും കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തടി ശാന്തമ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസില്‍ എത്തിച്ചതിന് ശേഷം ലോറികള്‍ ദേവികുളം ഡിവിഷൻ ഓഫിസിലേയ്ക്ക് മാറ്റി. രണ്ട് മാസം മുമ്പ് സമാനമായ രീതിയില്‍ ഇതേ സ്ഥലത്തുനിന്നും മരം മുറിച്ച് കടത്താന്‍ ശ്രമിച്ചത് റവന്യൂ അധികൃതരെത്തി പിടികൂടിയിരുന്നു.